താനൂർ: താനൂർ മൂലയ്ക്കലിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് തൊഴിലാളികളായ താനൂർ ഓലപ്പീടിക സ്വദേശി മേറിൻ വേലായുധൻ (63), പൂരപ്പുഴ സ്വദേശി പെരുവത്ത് അച്യുതൻ (58) എന്നിവർ മരിച്ചു.മറ്റു നാലുപേർ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 8.30ന് മൂലയ്ക്കൽ പുതുകുളങ്ങര സ്‌കൂളിന് സമീപം പുത്തൻപീടയേക്കൽ ഷഹീദിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്നായിരുന്നു അപകടം. 25 അടി ആഴമുള്ള കിണറിന് ചുറ്റും കൂട്ടിയിട്ട മണ്ണൊന്നാകെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
കിണറ്റിലിറങ്ങിയ ഇവർക്കു പുറമേ മണ്ണ് വലിച്ചുകയറ്റാൻ മുകളിൽ രണ്ടുപേരും നാലു പടവിന് താഴെ മറ്റു രണ്ടുപേരും നിലയുറപ്പിച്ചിരുന്നു. മണ്ണിടിയാൻ തുടങ്ങിയതോടെ മുകളിലുണ്ടായിരുന്നവർ ഓടിയും പടവിൽ നിന്നവർ മുകളിലേക്ക് കയറിയും രക്ഷപ്പെട്ടു. അച്യുതനും വേലായുധനും രക്ഷപ്പെടാനായില്ല. മണ്ണിനൊപ്പം സമീപത്തെ ചുറ്റുമതിലും ഇടിഞ്ഞുവീണു.
വ്യാഴാഴ്ച കിണറിൽ വെള്ളം കണ്ടിരുന്നു. തീരപ്രദേശമായ ഇവിടെ ഉറപ്പില്ലാത്ത മണ്ണാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിൽ ഒഴുകിയ വെള്ളവും ചളിയും വറ്റിച്ച് പടവ് വെട്ടാൻ ഇറങ്ങിയതായിരുന്നു ഇവർ. രണ്ട് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ താനൂർ പൊലീസും തിരൂർ ഫയർഫോഴ്സും ട്രോമാകെയർ യൂണിറ്റും നാലു മണിക്കൂർ പരിശ്രമിച്ച ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ലക്ഷ്മിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: സുബീഷ് (മലപ്പുറം പി.ആർ.ഡി ഫോട്ടോഗ്രാഫർ, ദിൽഷ. സ്മിതയാണ് അച്യുതന്റെ ഭാര്യ. മക്കൾ: അഖലേഷ്, ആതിര.
നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം
താനൂർ പൊലീസും ട്രോമാകെയറും ഓടിയെത്തിയെങ്കിലും ചെളിയടിഞ്ഞ മൺകൂനയിൽ അകപ്പെടുമോയെന്ന ഭയത്തിലായിരുന്നു രക്ഷാപ്രവർത്തകർ. കിണറിന്റെ സ്ഥാനം കൃത്യമായി മനസിലാക്കാനായില്ല. തിരൂരിൽ നിന്നു ഫയർഫോഴ്സെത്തിയതിന് പിന്നാലെ റോഡുപണിയിലേർപ്പെട്ടിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. കിണറിൽ നിന്ന് മീറ്ററുകൾ പിന്നിലേക്ക് മാറി ഇരുവശങ്ങളിൽ നിന്നുമായി മണ്ണുമാറ്റി നീണ്ട ചെരിവുണ്ടാക്കി. ഇത്തരത്തിൽ 20 അടിയിലധികം മണ്ണുമാറ്റി ചെങ്കല്ലുപടവ് കണ്ടതോടെ രക്ഷാപ്രവർത്തകരെ ഇറക്കി മണ്ണു മാറ്റി. മണിക്കൂറുകൾ പിന്നിട്ടതിനാൽ ജീവന്റെ തുടിപ്പുണ്ടാവുമെന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |