വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകിയത് രോഗവ്യാപനം വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനം കുറഞ്ഞ് തുടങ്ങിയ അമേരിക്കയിലും ബ്രിട്ടനിലും സ്ഥിതി പഴയനിലയിലേക്ക് എത്തുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 1,000ത്തിന് താഴെയായിരുന്നു അമേരിക്കയിലെ പ്രതിദിന മരണം. ഇന്നലെ അത് 1,209 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,802 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം - 1.4 ലക്ഷം. രോഗികൾ - 17 ലക്ഷം. ബ്രിട്ടനിൽ ദിനവും 2,000ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിദിന മരണം 300ൽ കൂടുതലാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതാണ് ഇരുരാജ്യങ്ങൾക്കും വിനയായിരിക്കുന്നത്.
ബ്രസീൽ പ്രശ്നത്തിലാണ്, റഷ്യയും
ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,526 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 1000ത്തിലധികമാണ്. ജനങ്ങൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലാണ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹിക അകലം പാലിക്കാൻ ജനം മടിക്കുന്നതും മുൻകരുതൽ നിർദ്ദേശങ്ങൾ അവഗണിക്കുന്നതും, പ്രസിഡന്റ് ജെയർ ബൊൾസൊനാരോയുടെ കൊവിഡ് വിരുദ്ധ നടപടികളും രാജ്യത്തിന് തിരിച്ചടിയാകുന്നുണ്ട്. മരണം - 27,944. രോഗികൾ -നാല് ലക്ഷത്തിലധികം.
റഷ്യയിൽ ദിനവും 8000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗികൾ നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്.പ്രതിദിന മരണം ഇന്നലെ നൂറിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. മരണം - 4,555.
ലോകത്താകെ മരണം - 3.67 ലക്ഷം
ഭേദമായവർ - 26 ലക്ഷം
തായ്‌വാനിൽ റെഡേസിവിർ മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചേക്കും.
ഉസ്ബക്കിസ്ഥാനിൽ നിയന്ത്രണങ്ങൾ നീട്ടി. ചില ഇളവുകളും പ്രാബല്യത്തിൽ വരും.
ചൈനയിലെ ആറ് നഗരങ്ങളിലേക്ക് സിംഗപ്പൂർ വിമാന ഗതാഗതം പുനഃരാരംഭിക്കും.
ചൈനയിൽ നാല് പുതിയ കേസുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |