കാസർകോട്: കൊവിഡ് വ്യാപനത്തിനെതിരെ സമ്പൂർണ്ണ ലോക്ക് ഡൗണായ ഞായറാഴ്ച നാടെങ്ങും പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ശുചീകരണവും നടത്തി കാസർകോട് മാതൃകയായി. ശുചീകരണ യജ്ഞത്തിൽ ജനങ്ങളാകെ പങ്കാളികളാകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന ജില്ല ഒന്നടങ്കം ഏറ്റെടുത്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ശുചീകരണ പരിപാടിയിൽ സജീവമായി. കൊവിഡ്19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു ശുചീകരണം.
കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി പി.എസ്. സാബു ശുചീകരണത്തിന് നേതൃത്വം നൽകി. ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, സി.ഐ അബ്ദുൾ റഹീം തുടങ്ങിയവർ പങ്കെടുത്തു.
പകർച്ചവ്യാധികൾ തടയാൻ വീടും ചുറ്റുപാടും വൃത്തിയാക്കുന്നതിനാണ് പൊതുജനങ്ങൾ മുൻഗണന നൽകിയത്. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈഡേ ആയും ആചരിച്ചു. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം കൊതുകു വർധിക്കാൻ ഇടയാക്കുന്നതിനാൽ അതെല്ലാം ഒഴുക്കിക്കളഞ്ഞാണ് ഡ്രൈഡേ ആചരിച്ചത്. കവുങ്ങിൻ തോട്ടങ്ങളിൽ പാളകളിൽ കെട്ടിക്കിടക്കുന്ന വെള്ളവും റബ്ബർ തോട്ടങ്ങളിൽ ചിരട്ടകളിലെ വെള്ളവും ഒഴുക്കികളഞ്ഞു. ടെറസ്, പൂച്ചട്ടികൾ, പരിസരങ്ങളിൽ അലക്ഷ്യമായി ഇടുന്ന ടയർ, കുപ്പികൾ, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവൻ ഒഴിവാക്കി. ഴിവാക്കി അവ കമഴ്ത്തിവെച്ചു.
ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അവരവരുടെ വീടും പരിസരവും ശുചീകരിച്ചു. ചെറുവത്തൂർ പൊന്മാലത്ത് നടന്ന ശുചീകരണത്തിന് കെ.വി. രാഘവൻ, വിജയൻ, ടി. പത്മനാഭൻ, കെ.വി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പടന്ന പഞ്ചായത്ത് എട്ടാം വാർഡായ ഉദിനൂർ തടിയൻ കൊവ്വലിൽ വാർഡ് മെമ്പർ പി.പി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശുചീകരണം നടന്നു.
കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ല പൊലീസ് ചീഫ് പി.എസ്. സാബു ശുചീകരണത്തിന് നേതൃത്വം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |