കാത്തിരിപ്പിനൊടുവിൽ കവാസാക്കിയുടെ നാലാം തലമുറ നിൻജ 1000 എസ്.എക്‌സ് വിപണിയിലെത്തി. ബി.എസ്-6 ചട്ടം പാലിക്കുന്ന എൻജിൻ ഉൾപ്പെടെ ഒട്ടേറെ പുതുമകളുള്ള ഈ മോഡലിനെ ഇന്ത്യയിൽ തന്നെയാണ് ഒരുക്കിയതെന്ന പ്രത്യേകതയുണ്ട്. ഇത്, ശ്രേണിയിൽ ആകർഷകമായ വില ഉറപ്പാക്കാൻ കവാസാക്കിക്ക് സഹായകവുമായി.
നിൻജയുടെ 2021 പതിപ്പിന് എക്‌സ്‌ഷോറൂം വില 10.79 ലക്ഷം രൂപയാണ്. മുൻഗാമിയേക്കാൾ 50,000 രൂപ അധികം. അതിന് കാരണങ്ങളുമുണ്ട്; ഒട്ടനവധി പുത്തൻ പ്രീമിയം ഫീച്ചറുകൾ ചാർത്തിയാണ് ഈ നാലാം തലമുറ തമ്പുരാനെ കവാസാക്കി ഒരുക്കിയിട്ടുള്ളത്. മുൻഗാമിയിൽ, ബൈക്കിന്റെ ഇരുവശത്തുമായി കണ്ടിരുന്ന എക്‌സ്‌ഹോസ്‌റ്റ്, പുത്തൻ പ്രീമിയം സ്‌പോർട്സ് -ട്യൂറർ മോഡലിൽ കാണാനാവില്ല. പകരം, വലതുവശത്ത്, ഒന്നുമാത്രം. അതാകട്ടെ, ഈ സ്‌പോർട്ടീ ബൈക്കിന് യോജിച്ചവിധം മനോഹരവുമാണ്.
പുതിയ 4.3 ഇഞ്ച് ടി.എഫ്.ടി ഇൻട്രമെന്റ് ക്ളസ്‌റ്ററാണ് മറ്റൊരു ആകർഷണം. ഇതുമായി, റൈഡോളജി ആപ്പ് ഉപയോഗിച്ച് സ്‌മാർട്ഫോൺ കണക്‌റ്ര് ചെയ്യാം.ബ്ളൂടൂത്ത് കണക്‌റ്റിവിറ്റിയുമുണ്ട്. എൽ.ഇ.ഡി ലൈറ്റുകൾ ബൈക്കിന് മൊത്തത്തിൽ ശോഭയേകി നിൽക്കുന്നു. മുൻ മോഡലിൽ വിൻഡ്‌സ്ക്രീൻ മൂന്നുവിധം ക്രമീകരിക്കാമായിരുന്നത്, പുതിയ മോഡലിൽ നാലുവിധമാക്കി മാറ്റി. റൈഡർക്കും പിൻസീറ്റുകാരനും യാത്ര കൂടുതൽ ആസ്വദിക്കാനാകുന്ന വിധം സീറ്റിലും മാറ്റം കാണാം.
സ്‌പോർട്ടീ റൈഡിംഗിന് അനുയോജ്യമായ തരത്തിൽ കനത്തോടെയാണ് സീറ്ര് സജ്ജമാക്കിയത്, ഇത് കൂടുതൽ സുരക്ഷയും സുഖവും നൽകുന്നു. റൈഡർ സീറ്റിന് വീതി കൂട്ടിയത് മികവാണ്. പിലൺ സീറ്ര്, യാത്രികനെ ഉറപ്പിച്ച് ഇരുത്തുന്നതരത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ബൈക്കിന്റെ മുൻഭാഗത്ത്, കൂടുതൽ 'അഗ്രസീവ്" ലുക്ക് കൈവന്നിരിക്കുന്നു. യോദ്ധാവിന്റെ മുഖഭാവത്തെ അനുസ്‌മരിപ്പിക്കുന്ന ട്വിൻ - എൽ.ഇ.ഡി ഹെഡ്‌ലാമ്പും ആകർഷകം.
ബി.എസ്-6 ചട്ടം പാലിക്കുന്ന, 1,043 സി.സി, ലിക്വിഡ്-കൂൾഡ്, 4-സിലിണ്ടർ എൻജിനാണ് ഹൃദയം.10,000 ആർ.പി.എമ്മിൽ 140 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 8,000 ആർ.പി.എമ്മിൽ 111 ന്യൂട്ടൺമീറ്റർ. ഗിയറുകൾ ആറ്. ഇലക്‌ട്രോണിക് ത്രോട്ടിൽ-വാൽവ്‌സ്, ഇലക്‌ട്രോണിക് ക്രൂസ് കൺട്രോൾ, ഇന്റലിജന്റ് ആന്റിലോക്ക് ബ്രേക്ക് സിസ്‌റ്റം (എ.ബി.എസ്), മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, മൂന്നുവിധ ട്രാക്‌ഷൻ കൺട്രോൾ, ക്വിക്ക് ഷിഫ്‌റ്റർ, കോർണറിംഗ് മാനേജ്‌മെന്റ് ഫംഗ്‌ഷൻ എന്നിങ്ങനെ പുത്തൻ ഫീച്ചറുകളും ഈ നാലാംതലമുറ പതിപ്പിൽ കാണാം.
ആദ്യ പതിപ്പ് മുതൽ തന്നെ നിൻജയുടെ ഭംഗിയെ വെല്ലുന്ന സ്‌പോർട് ട്യൂറർ ബൈക്കുകൾ നന്നേ കുറവായിരുന്നു. പുതിയ പതിപ്പും മനോഹരമാണ്. മെറ്രാലിക് ഗ്രാഫൈറ്ര് ഗ്രേ/ഡയാബ്ളോ ബ്ളാക്ക്, എമറാൾഡ് ഗ്ളേസ്ഡ് ഗ്രീൻ/മെറ്രാലിക് കാർബൺ ഗ്രേ/ഗ്രാഫൈറ്റ് ഗ്രേ കളർ ഓപ്‌ഷനുകളാണുള്ളത്. ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |