മലയാലപ്പുഴ: സ്‌കൂൾ പഠനം ഓൺലൈനിലേക്ക് മാറുന്നതോടെ ചെങ്ങറ സമരഭൂമിയിലെ 200 കുട്ടികളുടെ പഠനം മുടങ്ങും. ഇവിടുത്തെ വീടുകളിൽ സ്മാർട്ട് ഫോണുകളോ ലാപ്പ്‌ടോപ്പോകളോ ഇന്റർനെറ്റ് സൗകര്യമോ, വൈദ്യുതിയോ ഇല്ല. കോന്നി പഞ്ചായത്തിലെ വിവിധ സർക്കാർ , എയ്ഡഡ് സ്‌കൂളുകളിലായി 1 മുതൽ 12 വരെ ക്ലാസുകളിൽ 200 കുട്ടികളാണ് സമരഭൂമിയിൽ നിന്ന് സ്‌കൂളുകളിൽ പോകുന്നത്. ഇവരുടെ തുടർപഠനം മുടങ്ങുമെന്ന ആശങ്കയിൽ രക്ഷകർത്താക്കൾ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയുർ പി.കെയ്ക്ക് പരാതി നൽകി. കമ്പ്യൂട്ടർ സൗകര്യമുള്ള കോന്നിയിലെ സ്‌കൂളുകളിൽ ചെങ്ങറ സമരഭൂമിയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന സൗകര്യമൊരുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് അവശ്യപ്പെട്ടതായി കോന്നിയൂർ.പി.കെ. പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂസമരത്തിന് സാക്ഷ്യം വഹിച്ച ചെങ്ങറയിലെ 625 കുടുബങ്ങളിലെ 3000 ത്തോളം പേർ ഇന്നും സർക്കാർ രേഖകളുടെ പുറത്താണ്. സ്വന്തമായി ആധാർ കാർഡോ, റേഷൻ കാർഡോ, വോട്ടർ ഐ.ഡിയൊ ഇവർക്കില്ല. താമസിക്കുന്ന ഭൂമി ഹാരിസൺ കമ്പനിയുടെതായതിനാലാണിവർ സർക്കാർ രേഖകളുടെ പുറത്തായത്. 2007 ആഗസ്റ്റ് 4 നാണ് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ പാട്ടക്കാലവധി കഴിഞ്ഞ ഹാരിസൺ പ്ലാന്റെഷന്റെ റബ്ബർത്തോട്ടത്തിൽ കുടിൽ കെട്ടി സമരമാരംഭിച്ചത്. പ്ലാസ്റ്റിക്കും ഓലയും വലിച്ചുകെട്ടിയ ഒറ്റമുറി ഷെഡുകളിലാണ് കുടുബങ്ങൾ താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |