കൊവിഡിനെ പ്രതിരോധിക്കുന്നതിൽ മറ്റു പ്രമുഖ രാജ്യങ്ങളേക്കാൾ മികച്ച പ്രകടനം നടത്താൻ ഇതുവരെ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാൽ, ഇന്ത്യയിലേക്കാളും സ്ഥിതി മോശമായ രാജ്യങ്ങളിലെ ഓഹരി വിപണികളേക്കാൾ മോശം പ്രകടനമാണ് ഇന്ത്യൻ ഓഹരികൾ നടത്തുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ സാമ്പത്തിക ആഘാതം കുറയുമെന്നും തിരിച്ചുകയറ്റം വേഗത്തിലാകുമെന്നുമാണ് കരുതപ്പെടുന്നത്.
എന്നാൽ, ഈവർഷം ഇതുവരെ ഇന്ത്യൻ ഓഹരി വിപണി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 100 ശതമാനത്തിലേറെ മോശം പ്രകടനം നടത്തുന്നു. ഡോളറിൽ പറഞ്ഞാൽ, സെൻസെക്‌സ് -30 ശതമാനം കുറവാണ്. ഡൗൺ ജോൺസ് -13 ശതമാനവും ഡാക്‌സ് (ജർമ്മനി) -14 ശതമാനവും ഷാങ്‌ഹായ് -6.5 ശതമാനവുമാണ് താഴ്‌ന്നത്. കൊവിഡിൽ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വലിയ ഭൂവിഭാഗം റെഡ്സോണിലായതാണ് പ്രധാന തിരിച്ചടിയായത്.
ജനസംഖ്യയിൽ കൂടുതൽ പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രാജ്യമാണ് ഇന്ത്യ. അതിനാലാണ്, കർശനമായ ലോക്ക്ഡൗൺ നടപ്പാക്കേണ്ടി വന്നത്. അല്ലായിരുന്നെങ്കിൽ, കൊവിഡ് പരിശോധനയും ചികിത്സയും കടുത്ത പ്രയാസം നേരിടുമായിരുന്നു. വികസിത രാജ്യങ്ങൾ ചെയ്‌തപോലെ, സാമ്പത്തികമേഖല തുറന്നിടാൻ ഇന്ത്യയ്ക്ക് കഴിയില്ല. ജൂണിൽ, ലോക്ക്ഡൗണിൽ ഇളവുകൾ ലഭിക്കുന്ന മുറയ്ക്ക് സാമ്പത്തിക മേഖല തുറക്കാനാകും.
ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങളും വികസനങ്ങളും നഗരകേന്ദ്രീകൃതമാണ്. ജി.ഡി.പിയുടെ മുന്തിയപങ്കും ഇവിടങ്ങളിൽ നിന്നാണ്. കുടിയേറ്റ തൊഴിലാളികൾ എത്തുന്നത് ഇവിടെയാണ്. കൊവിഡ് ഭീതിമൂലം ഇവരിൽ ഭൂരിപക്ഷവും സ്വന്തം നാടുകളിലേക്ക് മടങ്ങി. ജൂലായ്, ആഗസ്‌റ്റിന് ശേഷം ഇവർ മടങ്ങിയെത്തിയേക്കാം.
നഗരങ്ങളിൽ ഭൂരിപക്ഷവും ഇപ്പോൾ 'അപകട" മേഖലയിലാണ്. ശേഷിയുടെ നാലിലൊന്ന് പ്രവർത്തനമേ ഇവിടങ്ങളിൽ നടക്കുന്നുള്ളൂ. സംരംഭങ്ങൾ പുനരാരംഭിക്കാനുള്ള അഭാവംമൂലം 2021 സമ്പദ്‌വർഷത്തിന്റെ ആദ്യപാദത്തിൽ പ്രവർത്തനങ്ങൾ 40 ശതമാനം കുറയുമെന്നാണ് വിലയിരുത്തൽ. ജി.ഡി.പിയുടെ പത്തിലൊന്നെങ്കിലും എന്നന്നേക്കുമായി നഷ്‌ടപ്പെട്ടേക്കാം.
സർക്കാർ പ്രഖ്യാപിച്ച രക്ഷാപാക്കേജ് വ്യവസായികൾക്ക് പ്രചോദനമായിട്ടില്ല. മൂന്നുമുതൽ ആറുമാസം വരെ ഇതു ഫലപ്രദമായേക്കാം. അപ്പോഴേക്കും മറ്റൊരു പാക്കേജ് സർക്കാർ പ്രഖ്യാപിച്ചേക്കാം. കനത്ത പ്രതിസന്ധി നേരിട്ട മേഖലകൾക്കും കോർപ്പറേറ്റുകൾക്കും കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന് വിപണി കരുതുന്നു. ഓഹരികൾക്ക് നല്ലത് നികുതിയിളവും പണലഭ്യത ഉറപ്പാക്കുന്ന സൗഹൃദ അന്തരീക്ഷവുമാണ്. ദീർഘകാല മൂലധന നേട്ട നികുതി, ഓഹരിയിലുള്ള നികുതി, എസ്.ടി.ടി എന്നിവയിൽ ഇളവ് വേണം. ലളിതമായ നിബന്ധനകളിലൂടെ വിദേശ നിക്ഷേപകരെ ആകർഷിക്കണം.
(ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഗവേഷണ വിഭാഗം മേധാവിയാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |