തൃശൂർ : സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവർക്കും റോൾ മോഡലാക്കാവുന്ന അപൂർവ വ്യക്തിത്വമാണ് പി. ചിത്രൻ നമ്പൂതിരിപ്പാടിന്റേതെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. നൂറാം വയസിലേക്ക് കടന്ന പി. ചിത്രൻ നമ്പൂതിരിപ്പാടിന് ഭവൻസ് തൃശൂർ കേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം ലോകത്തിന് മാതൃകയാണ്. നൂറാം വയസിലും ഇത്രയും ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ അദ്ദേഹത്തിന് കഴിയുന്നത് കൃത്യമായ നിഷ്ഠയുള്ളത് കൊണ്ടാണെന്നും ഗവർണർ പറഞ്ഞു. ചിത്രൻ നമ്പൂതിരിപ്പാടിനെ പൊന്നാട അണിയിച്ച് ഗവർണർ ആദരിച്ചു.
സംസാരത്തിലും, ഭക്ഷണത്തിലും തുടങ്ങി എല്ലാ കാര്യത്തിലും താൻ മിതത്വം പാലിക്കാറുണ്ടെന്ന് ചിത്രൻ നമ്പൂതിരിപ്പാട് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
തന്റെ ജീവിത ദൈർഘ്യം ദൈവത്തിന്റെ അനുഗ്രഹമാണ്. തന്റെ മിതത്വത്തോടെയുള്ള ജീവിതമായിരിക്കാം അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. തേറമ്പിൽ രാമകൃഷ്ണൻ സംസാരിച്ചു. ഭവൻസ് തൃശൂർ കേന്ദ്ര പ്രസിഡന്റ് ടി.എസ് പട്ടാഭിരാമൻ സ്വാഗതവും സെക്രട്ടറി കെ.പി.അച്യുതൻ നന്ദിയും പറഞ്ഞു. ഭവൻസിന്റെ ഉപഹാരം ഗവർണർക്ക് ടി.എസ് പട്ടാഭിരാമനും കെ.പി അച്യുതനും ചേർന്ന് സമ്മാനിച്ചു.....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |