കൊല്ലം: ജില്ലയിൽ ഇന്നലെ ആറുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 35 ആയി. ഈ മാസം 20ന് ഡൽഹിയിൽ നിന്ന് ട്രെയിനിലെത്തിയ അരിയനല്ലൂർ സ്വദേശിയായ 22 കാരനാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മുംബയിൽ നഴ്സായിരുന്ന തൃക്കോവിൽവട്ടം കുരീപ്പള്ളി സ്വദേശിയായ 28 കാരിയാണ് മറ്റൊരാൾ. 26ന് ഡൽഹി വഴിയാണ് മടങ്ങിയെത്തിയത്. തീവ്രബാധിത മേഖലയിൽ നിന്നെത്തിയതിനാൽ കൊല്ലം നഗരത്തിൽ സർക്കാർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കൊട്ടിയം സ്വദേശിയായ നാല്പത്തിയാറുകാരൻ പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കപ്പലണ്ടിക്കച്ചവടമാണ് ജോലി. ലോക്ക് ഡൗണ്‍ കാലയളവിൽ കച്ചവടം ഉണ്ടായിരുന്നില്ല. എന്നാൽ രഹസ്യമായി തമിഴ്നാട്ടിൽ പോയോ എന്ന സംശയമുണ്ട്. ഇതിന് പുറമേ രോഗ പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയിരുന്നെങ്കിലും ചികിത്സ നടക്കാത്തതിനാൽ മേയ് 13ന് തിരികെവന്നു. എന്നാൽ തിരുവനന്തപുരത്തുള്ള സഹോദരന്റെ ഭാര്യയോടൊപ്പം ഇവർ തമിഴ്‌നാട്ടിലെ തിരിച്ചത്തൂരിൽ പോയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പരാതി.
കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ 54 കാരനും കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹം 20നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിൽ തിരുവനന്തപുരത്തെത്തിയത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. 26ന് മുംബയിൽ നിന്ന് മടങ്ങിയെത്തി സർക്കാർ ക്വാറന്റൈനിൽ കഴിയുകയായിരുന്ന തലവൂർ സ്വദേശിയായ 23 കാരനും രോഗം സ്ഥിരീകരിച്ചു. തീവ്രബാധിത മേഖലയിൽ നിന്ന് വന്നതിനാലാണ് വീട്ടിലേക്ക് അയയ്ക്കാതെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. ഉദ്ദേഹത്തിനൊപ്പം വന്ന ഇളമ്പൽ സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |