ആദ്യദിനത്തിലെ ഓൺലൈൻ ക്ലാസിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണം
പാലക്കാട്: ബാഗും പുസ്തകവും ചോറ്റുപാത്രവും കുടയും സ്കൂൾ മുറ്റത്തെ അസംബ്ലിയൊന്നുമില്ലാതെയുള്ള 'ഫസ്റ്റ് ബെല്ലോ"ടെ സംസ്ഥാനത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മറ്റൊരു അദ്ധ്യയന വർഷത്തിന് തുടക്കമായി, ഓൺലൈനിലൂടെ. ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും ടി.വി കണ്ടും പഠിക്കുന്ന ഈ രീതി പഴമക്കാർക്ക് പലർക്കും പുതുമയായെങ്കിലും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വിക്ടേഴ്സ് ചാനലിൽ പ്ലസ് ടു ഇംഗ്ലീഷ് ക്ലാസോടെയാണ് തുടക്കം. പിന്നീട് ജിയോഗ്രഫി, മാത്തമറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലും ക്ലാസുണ്ടായി. നഗരത്തിലുൾപ്പെടെ ജില്ലയിലെ പല ഭാഗത്തും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ടി.വി.യോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാനായില്ല. സൗകര്യമില്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തെ ഒരു വിദ്യാർത്ഥിക്കും അദ്ധ്യയന ദിവസം നഷ്ടമാകില്ലെന്ന് സർക്കാർ പറഞ്ഞ ഉറപ്പ് നടപ്പിലാക്കാൻ ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞില്ല. അട്ടപ്പാടി, പറമ്പിക്കുളം, തോട്ടം മേഖലയായ നെല്ലിയാമ്പതി, അകമലവാരം, വാളയാറിലെ എസ്.സി- എസ്.ടി കോളനി തുടങ്ങിയ മേഖലയിൽ വലിയ വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസിൽ പങ്കെടുക്കാനായില്ല. ഇതിൽ പലരും എട്ടിലും ഒമ്പതിലും പത്തിലും പഠിക്കുന്നവരാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഒരാഴ്ചത്തെ ട്രയൽ പൂർത്തിയാകുന്നതോടെ പരിമിതി മനസിലാക്കി ഈ മേഖലകളിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും പറയുന്നത്.
അട്ടപ്പാടി ഓഫ് ലൈനാണ്
ഈ ദുരിതകാലത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നടത്തിയതിന് പുറമേ ഓൺലൈനായെങ്കിലും ആദ്ധ്യയനം ആരംഭിക്കാനായത് സർക്കാരിന്റെ മികവാണെങ്കിലും ഇൗ റഡാറിന് പുറത്തുനിൽക്കുന്ന കുറേപ്പേരുണ്ട് അട്ടപ്പാടിയിലും പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലും.
അട്ടപ്പാടിയിലെ 192 ഊരുകളിൽ ഭൂരിഭാഗം പ്രദേശങ്ങളും കാലങ്ങളായി ഓഫ് ലൈനിലാണ്. ഹൈ സ്പീഡ് ഇന്റർനെറ്റ് പോയി ഫോൺ വിളിക്കാനുള്ള റേഞ്ചിന് തന്നെ ഏറെനേരം കാത്തിരിക്കണം. ആനവായ്, ചിണ്ടക്കി, ഗൊട്ടിയാർക്കണ്ടി, ഷോളയൂർ, അഗളി, പുതൂർ എന്നിവിടങ്ങളിലായി നിരവധി എൽ.പി- യു.പി ഏകാദ്ധ്യാപക വിദ്യാലയങ്ങളുണ്ടെങ്കിലും പരിമിതികളുടെ നടുവിൽ വീർപ്പുമുട്ടുന്നവയാണ് പലതും. ടി.വിയോ അനുബന്ധ സൗകര്യങ്ങളോ മിക്കയിടത്തുമില്ല. വിക്ടേഴ്‌സ് ചാനൽ ലഭ്യമാകുന്ന ഇടങ്ങൾ തന്നെ പരിമിതമാണ്.
വേണം സമൂഹ പഠന മുറി
വയനാട്ടിലെ ആദിവാസി മേഖലകളിലെ പോലെ സമൂഹ പഠനമുറികൾ അട്ടപ്പാടിയിൽ ഒരുക്കണം. എസ്.സി പ്രമോട്ടരുടെ സഹകരണത്തോടെ മെന്റർ ടീച്ചർമാർക്ക് ഇവിടെങ്ങളിലെ വിദ്യാർത്ഥികൾക്ക് സാമൂഹ്യ അകലം പാലിച്ച് ക്ലാസെടുക്കാം. ഇതിന്റെ സാദ്ധ്യത പരിശോധിക്കേണ്ടതും നടപ്പാക്കേണ്ടതും ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പുമാണ്.
-സാമൂഹിക പ്രവർത്തകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |