റിയാദ്: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം സൗദിയിൽ പള്ളികൾ തുറന്നു. ആഭ്യന്തര വിമാനസർവീസുകൾ പുനരാരംഭിച്ചു.കുവൈറ്റിൽ സമ്പൂർണ കർഫ്യൂ അവസാനിപ്പിച്ച് നിയന്ത്രണങ്ങൾ ഭാഗികമാക്കി. സാമൂഹിക അകലം ഉറപ്പാക്കണമെന്ന കർശന നിർദേശത്തോടെയാണ് ഗൾഫിൽ ഇളവുകൾ അനുവദിച്ചത്. മക്ക ഒഴികെ സൗദിയിലെ 98,000 ഓളം പള്ളികളും ഞായറാഴ്ച രാവിലെ പ്രാർത്ഥനയ്ക്കായി തുറന്നു. സുബഹി നമസ്കാരത്തിനായി പ്രവാസികളും പൗരൻമാരടക്കമുള്ളവരും സാമൂഹിക അകലം പാലിച്ച് പള്ളികളിലെത്തി. 15വയസിൽ താഴെയുള്ളവർക്ക് പ്രവേശനമുണ്ടായിരുന്നില്ല. മദനയിലെ പ്രവാചകപ്പള്ളിയിലും ഒരിടവേളയ്ക്കു ശേഷം സമൂഹ പ്രാർത്ഥന നടന്നു. ജീവനക്കാരെ പിരിച്ചുവിടും ദുബായ്: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് എമിറേറ്റ്സ് എയർലൈൻസ്. നിലവിലെ സാഹചര്യത്തിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ചില ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ നിർഭാഗ്യവശാൽ മറ്റു വഴികളില്ലെന്നാണ് എമിറേറ്റ്സ് വക്താവ് പ്രസ്താവനയിൽ പറഞ്ഞത്. കൊവിഡ് കാലത്ത് വിമാന സർവീസുകൾ സാദ്ധ്യമല്ലാതായതോടെയാണ് വിമാന കമ്പനികൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. അതേസമയം എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുന്നത് എമിറേറ്റ്സ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പുനഃക്രമീകരണങ്ങളുടെ ഭാഗമായി ചില ട്രെയിനി പൈലറ്റുമാരെയും ക്യാബിൻ ക്രൂ ജീവനക്കാരെയും എമിറേറ്റ്സ് പിരിച്ചുവിട്ടെന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. അബുദാബിയിൽ പ്രവേശനവിലക്ക് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയിൽ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദാബി, അൽ ഐൻ, അൽ ദഫ്റ എന്നീ മേഖലകൾക്കിടയിലുള്ള യാത്രകൾക്കും വിലക്കേർപ്പെടുത്തി. അബുദാബി എമർജൻസീസ് ആന്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയും അബുദാബി പൊലീസും അബുദാബി ഹെൽത്ത് സർവീസസും ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തുവന്നത്. ഇന്ന് മുതൽ നിയന്ത്രണങ്ങൾ പ്രാബ്യത്തിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |