ബാർബർ ഷാപ്പുകൾ തുറക്കും
ന്യൂഡൽഹി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരാഴ്‌ചത്തേക്ക് അതിർത്തി അടച്ചിടാൻ തീരുമാനിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ മാർഗരേഖയുടെ അടിസ്ഥാനത്തിൽ ബാർബർ ഷാപ്പുകൾ തുറക്കുന്നത് അടക്കമുള്ള ഇളവുകളും ഡൽഹി സർക്കാർ പ്രഖ്യാപിച്ചു.
സംസ്ഥാന അതിർത്തിയിൽ നിയന്ത്രണം പാടില്ലെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തോട് വിയോജിച്ചാണ് ഡൽഹി അതിർത്തി ഒരാഴ്‌ചത്തേക്ക് അടയ്‌ക്കുന്നത്. അവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങളെ മാത്രമെ അതിർത്തി കടത്തൂ. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചികിത്സ തേടുന്നത് ഡൽഹിയിലെ ആശുപത്രികളിലെ സൗകര്യങ്ങളെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് അതിർത്തി അടയ്‌ക്കുന്നത്. സംസ്ഥാനത്തെ ആശുപത്രി സേവനങ്ങൾ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഉപയോഗപ്പെടുത്താനാണിത്. ജനങ്ങളിൽ നിന്നുള്ള നിർദ്ദേശം പരിഗണിച്ച് ഒരാഴ്‌ചയ്‌ക്കു ശേഷം തീരുമാനം പുനരവലോകനം ചെയ്യും. ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ വാട്ട്‌സാപ്പ് നമ്പർ നൽകിയിട്ടുണ്ട്.
ഡൽഹിയിൽ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ നോയിഡ,ഗാസിയാബാദ്, ഹരിയാനയിലെ ഗുരുഗ്രാം അതിർത്തികൾ നേരത്തെ അടച്ചിരുന്നു. ഡൽഹിയിൽ വന്ന് ജോലി ചെയ്യുന്നവർക്ക് തീരുമാനം ദുരിതമായിരുന്നു.
കേന്ദ്രസർക്കാർ മാർഗരേഖയ്‌ക്ക് ആനുപാതികമായി മാർക്കറ്റുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കും. വലിയ മാർക്കറ്റുകളിൽ ഒറ്റ, ഇരട്ട അക്കം അടിസ്ഥാനമാക്കിയാണ് ഇതുവരെ കടകൾ തുറന്നിരുന്നത്. കടകൾക്ക് രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കും. അതേസമയം മസാജ് കേന്ദ്രങ്ങൾക്കും സ്‌പാകൾക്കും നിയന്ത്രണം തുടരും. കാറുകളിൽ രണ്ടിൽ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാം. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലും ആളെ ഇരുത്താം. വ്യവസായ ശാലകൾക്കുള്ള നിയന്ത്രണങ്ങളും പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |