തിരുവനന്തപുരം: താനാണ് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശന തീയതിയും സമയവും നിശ്ചയിച്ചതെന്ന ആരോപണത്തെ പരിഹാസരൂപേണ നിരാകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അനുവാദം ലഭിച്ച ശേഷമാണ് ജേക്കബ് തോമസ് ആ പുസ്തകം എഴുതിയതെന്നു അദ്ദേഹം പറയുന്നുവെന്നും ശേഷം അദ്ദേഹത്തിന് അതിന്റെ പേരിൽ നടപടി നേരിടേണ്ടി വന്നുവെന്ന് പറയുന്നുവെന്നും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.
'ഏതായാലും അതിന്റെ ഉള്ളടക്കം എന്നോട് ചോദിച്ചിട്ട് എഴുതിയതാണെന്ന് പറയാത്തത് ഭാഗ്യം. അങ്ങനെ പറഞ്ഞിട്ടില്ലല്ലോ? ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി ചോദ്യത്തോട് പ്രതികരിച്ചത്. ശേഷം സമയം അതിക്രമിച്ചതിനാൽ അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 53 പേർ വിദേശത്ത് നിന്ന് വന്നവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 19 പേർ. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |