വാഷിംഗ്ടണ്‍: വാഷിംഗ്‌ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ നശപ്പിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ യു.എസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജോര്‍ജ് ഫ്‌ളോയ്‌ഡ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നുള്ള പ്രതിഷേധം യു.എസില്‍ എട്ടാം ദിവസവും തുടരുകയാണ്. പതിനായിരങ്ങള്‍ കഴിഞ്ഞ രാത്രിയും പ്രതിഷേധവുമായി തെരുവിലിറങ്ങി. 29 നഗരങ്ങളില്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കാനായിട്ടില്ല. ജന്മനഗരമായ ടെക്‌സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചത്. ഫ്‌ളോയ്‌ഡിന്‍റെ ബന്ധുക്കളും പങ്കുചേര്‍ന്നു. ഒട്ടേറെ നഗരങ്ങളില്‍ ജനം കര്‍ഫ്യൂ ലംഘിച്ചു.
അക്രമവും കൊള്ളയും വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് മുന്‍ദിവസങ്ങളില്‍ പലനഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാജ്യത്ത് പോലീസ് നടപടികളിലും വെടിവെപ്പിലും ആഫ്രിക്കന്‍-അമേരിക്കക്കാരും ഹിസ്പാനിക് വംശജരുമാണ് കൂടുതലും മരിക്കുന്നത്. പ്രതിഷേധം കനത്ത വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ വീണ്ടും സൈന്യമിറങ്ങി. വൈറ്റ് ഹൗസിനുനേരെ നീങ്ങിയ പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും എത്തി. പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ചതോടെ ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ ജില്ലയില്‍ ഗതാഗതം നിരോധിച്ചു. ഇവിടെ കര്‍ഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടി. ലോസ് ആഞ്ജലസ്, ഫിലാഡല്‍ഫിയ, സീറ്റില്‍, മിനിയാപോളീസ് എന്നിവിടങ്ങളിലും വലിയ റാലികള്‍ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |