ഇടുക്കി: രണ്ട് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 25 പ്രവാസികൾ ഇടുക്കിയിലെത്തി. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ വഴിയാണ് 21 പുരുഷന്മാരും നാല് വനിതകളുമെത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരെ വീടുകളിലും വിവിധ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. കുവൈറ്റിൽ നിന്ന് രണ്ട് വനിതകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണെത്തിയത്. ഒരാളെ ചെങ്കളം മേഴ്‌സി ആശുപത്രി ക്വാർട്ടേഴ്‌സിലും മറ്റ് രണ്ട് പേരെ തൊടുപുഴയിലെ രണ്ട് കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. ഒമാനിൽ നിന്ന് ഒമ്പത് പുരുഷൻമാരാണെത്തിയത്. ഇവരിൽ മൂന്ന് പേരെ തൊടുപുഴയിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. നാല് പേരെ അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാക്കി. രണ്ട് പേരെ കൊച്ചിയിലെത്തിയ ശേഷം ഫോണിൽ ബന്ധപ്പെടാനായില്ല. ഇവരുടെ മേൽവിലാസമടക്കം ആരോഗ്യ വകുപ്പിന് കൈമാറി. ഖത്തറിൽ നിന്നും അഞ്ച് പുരുഷൻമാരാണെത്തിയത്. ഇവരെയെല്ലാവരെയും മൂലമറ്റം അക്ക്വാട്ടിക് സെന്ററിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. ബഹ്‌റിനിൽ നിന്ന് രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളുമടക്കം നാല് പേരാണ് നാട്ടിലെത്തിയത്. ഇവരിൽ ഒരാൾ അടിമാലിയിൽ പെയ്ഡ് ക്വാറന്റൈൻ സെന്ററിലാണ് പ്രവേശിച്ചത്. മൂന്ന് പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൗട്ടിൽ നിന്ന് മൂന്ന് പുരുഷൻമാരാണെത്തിയത്. ജിബൗട്ടി- മുംബെയ്- കൊച്ചി ചാർട്ടർ ഫ്ലൈറ്റിലാണ് ഇവർ നാട്ടിലെത്തിയത്. ഇവരിൽ ഒരാളെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഒരാൾ വൈറ്റിലയിൽ പെയ്ഡ് ക്വാറന്റൈനിൽ പ്രവേശിച്ചു. മൂന്നാമത്തെയാളെ കോട്ടയം കോതനല്ലൂരിൽ സർക്കാർ കൊവിഡ് കെയർ സെന്ററിലാണ് പ്രവേശിപ്പിച്ചത്. ഇറാഖിലെ ബസ്രയിൽ നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയാൾ കൊച്ചിയിൽ പെയ്ഡ് ക്വാറന്റൈൻ സെന്ററിൽ പ്രവേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |