കൊച്ചി: ലോക്ക് ഡൗണിന് ശേഷം നഗരത്തിൽ സർവീസ് പുനരാരംഭിച്ച ബസുകളിൽ ഒരുവിഭാഗം വരുമാനക്കുറവിനെ തുടർന്ന് പിൻമാറുന്നു. അന്തർജില്ലാ ബസുകളിൽ 3000 രൂപ വരെയും സിറ്റി സർവീസുകളിൽ 1000 രൂപ വരെയും നഷ്ടമാണെന്ന് ബസുടമകൾ പറയുന്നു.
വർദ്ധിച്ച നിരക്ക് വെട്ടിക്കുറച്ചതും സാമൂഹ്യാകലം പാലിക്കുന്ന സർവീസുകളിൽ യാത്രക്കാർ കുറഞ്ഞതുമാണ് പ്രതിസന്ധി. തിരക്ക് സമയങ്ങളിൽ ബസുകളിൽ പരിധിയിലേറെ യാത്രക്കാർ കയറുന്നത് നിയന്ത്രിക്കാൻ കഴിയുന്നില്ല. ബസ് ജീവനക്കാർക്ക് നേരെ നിയമനടപടികൾ ഉണ്ടാവുകയും ചെയ്യുന്നു.
നിരക്ക് വർദ്ധനവ് പിൻവലിച്ചത് വിനയായി
കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്കു പുറമെ കൂട്ടിയ ടിക്കറ്റ് നിരക്ക് കുറച്ചതുമാണ് സ്വകാര്യ ബസ് സർവീസിന് തിരിച്ചടിയായത്. കുറഞ്ഞ നിരക്ക് 12 രൂപയായി വർദ്ധിപ്പിച്ചത് പിൻവലിച്ചു. കൊച്ചി നഗരത്തിൽ നൂറോളം ബസുകൾ മാത്രമാണ് ഓടുന്നത്.
ആലുവ, കാക്കനാട്, മട്ടാഞ്ചേരി, ഇടക്കൊച്ചി, പെരുമ്പടപ്പ്, ഫോർട്ടുകൊച്ചി, കുമ്പളങ്ങി, ചെല്ലാനം,പുക്കാട്ടുപടി, ഏലൂർ, തൃപ്പൂണിത്തുറ, പൂത്തോട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 21 മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്.
ആദ്യഘട്ടത്തിൽ ഒരു സീറ്റിൽ ഒരു യാത്രക്കാരനുമായി 12 രൂപ മിനിമം നിരക്കുമായായിരുന്നു അനുമതി. എല്ലാ സീറ്റുകളിലും ആളുകളെ കയറ്റാൻ അനുമതി നൽകിയതോടെ കൂട്ടിയ ബസ് ചാർജും പിൻവലിച്ചു.
ബസ് സമരമല്ല
ഇത് ബസ് സമരമല്ല. ലാഭം ലഭിക്കുന്ന ബസുകൾ ഓടും. നഷ്ടം സഹിച്ച് സർവീസ് നടത്താൻ സാധിക്കാത്തതുകൊണ്ടാണ് സർവീസ് അവസാനിപ്പിക്കുന്നത്.
എം.ബി സത്യൻ
പ്രസിഡന്റ്
ആൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |