വാഷിംഗ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തിന് വേദിയായി തലസ്ഥാനമായ വാഷിംഗ്ടൺ. ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ പങ്കെടുത്ത 'ബ്ളാക്ക് ലൈവ്സ് മാറ്റർ' റാലി, അമേരിക്കയെ വിറപ്പിച്ചു. വൈറ്റ്ഹൗസിന് സമീപമെത്തിയ പ്രതിഷേധ റാലിയെ ബാരിക്കേഡുകൾ തീർത്താണ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്.
'എനിക്ക് ശ്വാസം മുട്ടുന്നു" എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകൾ ഏറ്റെടുത്ത് പന്ത്രണ്ടാം നാളിലും അമേരിക്കയിൽ പ്രതിഷേധം തുടരുകയാണ്. വർണവെറിക്കും വംശീയ വിവേചനത്തിനും എതിരായ പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച് കഴിഞ്ഞു. വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കൺ സ്മാരകത്തിലും ലഫായെത്ത് പാർക്കിലും ഒത്തുകൂടിയ പതിനായിരങ്ങളെ വാഷിംഗ്ടൺ മേയർ സ്വാഗതം ചെയ്തു. ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ് ഈ ജനകീയ കൂട്ടായ്മ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയയിലും നിരവധിപ്പേർ ഒത്തുകൂടി.
ആസ്ട്രേലിയയിലും ജർമനിയിലും വംശീയ വിവേചനത്തിനെതിരെ പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി. ഹാംബർഗിൽ പ്രതിഷേധക്കാർക്ക് നേരെ ജർമൻ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു.
1.51 കോടി നൽകി ആഞ്ജലീനജോളി
തന്റെ 45-ാം പിറന്നാളിനോടനുബന്ധിച്ച് വർണവെറിക്കെതിരെ 1.51 കോടി സംഭാവനയായി നൽകി ഹോളിവുഡ് താരം ആഞ്ജലീന ജോളി. എൻ.എ.സി.സി.പിയുടെ ലീഗൽ ഡിഫൻസ് ഫണ്ടിലേക്കാണ് ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപ നൽകിയത്. വ്യക്തികൾക്ക് സാമൂഹ്യനീതിയും നിയമ പരിരക്ഷയും ഉറപ്പു വരുത്താനായി അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് എൻ.എ.സി.സി.പി. ഫ്ലോയിഡിനെ പോലെ നടുക്കുന്ന അനുഭവത്തിലൂടെ കടന്നു പോയവരുടെ കുടുംബത്തിന് നിയമപരിരക്ഷ ഉറപ്പു വരുത്തണമെന്നും തുല്യനീതിക്കായുള്ള പോരാട്ടം തുടരണമെന്നും ആഞ്ജലീന ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |