കോന്നി: കാടിറങ്ങുന്ന വന്യമൃഗങ്ങൾ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ കർഷകരുടെ അജ്ഞതയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും തടസമാകുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നഷ്ടപ്പെടുന്ന മനുഷ്യജീവനും പരിക്കുകൾക്കും കൃഷി നാശത്തിനും പരാതി നൽകിയാൽ മറുപടി നൽകാൻ പോലും ആരുമില്ലാത്ത സ്ഥിതിയാണ്. വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. കടുവ, പുലി, കാട്ടാന, കാട്ടുപന്നി, മ്ലാവ്, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവയുടെ ആക്രമണം പതിവാണ്. കടമെടുത്തും കഷ്ടപ്പെട്ടും നട്ടുവളർത്തിയ കൃഷികളുടെ വിളവ് വന്യമൃഗങ്ങൾ സ്വന്തമാക്കുകയാണ്.
നഷ്ട പരിഹാരം അവകാശം
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കാർഷിക വിളകൾ നശിച്ചാലും ആളുകൾക്ക് പരിക്കേറ്റാലും ഇരയായവർക്ക് 1980ലെ നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് ബാധ്യസ്ഥരാണ്. 2005 ലെ ഭേദഗതി അനുസരിച്ച് മരണത്തിന് പത്ത് ലക്ഷം രൂപ വരെ ലഭിക്കും. കന്നുകാലി, കൃഷി, വീട് എന്നിവയ്ക്കും യഥാർത്ഥ വിലയുടെ 75 ശതമാനം ലഭിക്കും. എന്നാൽ അജ്ഞതയും, നൂലാമാലകളും മൂലം പല കർഷകരും നഷ്ടപരിഹാരത്തിനായി അപേക്ഷ പോലും നൽകാറില്ല.
മൃഗങ്ങളെ തടയാം, മാർഗങ്ങളുണ്ട്
1.വനത്തിൽ മരങ്ങൾ നശിച്ച പ്രദേശങ്ങളിൽ ഫല വൃക്ഷങ്ങൾ നട്ടുവളർത്തുക.
2. നീർച്ചാലുകൾക്കും ചെറുതോടുകൾക്കും അരികിൽ ഉപ്പ് ഇട്ടുകൊടുക്കുക.തടയണ കെട്ടി വേനൽക്കാലത്തും ജലം സംഭരിച്ച് നിറുത്തുക.
3. വനാതിർത്തിയിൽ 20 അടി വീതിയിലെങ്കിലും കാടുതെളിച്ച് മൃഗങ്ങൾ ഇറങ്ങി വരാതിരിക്കാനും ഇവയെ കാണാനും സാധിക്കുന്ന വിധമാക്കുക.
4. സൗരോർജ വേലികൾ ഗുണമേന്മയേറിയ കമ്പി കൊണ്ട് നിർമ്മിച്ച് വാച്ചർമാരെയോ വന സംരക്ഷണ സമിതിയെയോ നിയോഗിക്കുക.
അശാസ്ത്രീയ വനപരിപാലനം
അശാസ്ത്രീയ വനപരിപാലനം മൂലം മൃഗങ്ങൾക്ക് കാട്ടിൽ ആവശ്യത്തിനു ഭക്ഷണം ലഭ്യമല്ലാതായി. വന്യജീവികൾക്ക് വനം വാസയോഗ്യമല്ലാത്തതിനാൽ വനത്തിന് പുറത്തേക്കിറങ്ങുന്നു. അക്വേഷ, മാഞ്ചിയം തോട്ടങ്ങൾ പൂക്കുമ്പോഴുണ്ടാകുന്ന ഗന്ധം ഒരു ജീവികൾക്കും സുഖകരമല്ല. മനുഷ്യനടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഇത് കാരണമാകും.
നഷ്ടപരിഹാരം നൽകണം. കാട്ടുമൃഗങ്ങൾ നാട്ടിൽ വരുത്തുന്ന കൃഷി നാശത്തിന് പരിഹാരം കാണണം. കടമെടുത്തും പാട്ടം നൽകിയുമാണ് കൃഷി ചെയ്യുന്നത്. ഇങ്ങനെ പോയാൽ പട്ടിണി കിടന്ന് മരിക്കേണ്ടി വരും.
ശശാങ്കൻ (കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |