തിരുവല്ല: കവിയൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് 3,500 രൂപയും ലാപ്ടോപ്പും കവർന്നു. സി.സി.ടി.വി കാമറകളുടെ ഹാർഡ് ഡിസ്‌ക്കുകൾ കവർന്നശേഷം രണ്ടു കാമറകളും മോഷ്ടാക്കൾ അടിച്ചുതകർത്തു. ഇന്നലെ രാവിലെ 10നാണ് മോഷണം അറിഞ്ഞത്. ഹയർസെക്കൻഡറിയുടെയും ഹൈസ്‌കൂൾ വിഭാഗത്തിന്റെയും ഓഫീസ് മുറികളുടെ പൂട്ട് പൊളിച്ചായിരുന്നു കവർച്ച. ഹയർസെക്കൻഡറി ഓഫീസിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. തകർത്ത കാമറകളിൽ ഒരെണ്ണം മൈതാനത്തിന് സമീപത്തെ വാഴത്തോട്ടത്തിലും മറ്റൊന്ന് ഒന്നാംനിലയിലെ വരാന്തയിലും കണ്ടെത്തി. ഹയർസെക്കൻഡറിയുടെ പ്രധാന കവാടത്തിന്റെ പൂട്ടുതകർത്ത മോഷ്ടാക്കൾ താഴത്തെ നിലയിലെ സ്‌കൂൾ ലൈബ്രറിയുടെ പൂട്ടും കുത്തിത്തുറന്നു. ഇവിടെനിന്ന് ഒന്നാംനിലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഇരുമ്പുഗ്രീല്ലും തകർത്ത് മുകളിലെത്തിയാണ് ഓഫീസ് മുറിയിൽ കടന്നത്. മേശയുടെ മുകളിലെ ചില്ലുഗ്ലാസ് മറിച്ചിട്ട് കേടുപാടുകൾ വരുത്തി. സമീപത്തെ സ്റ്റാൻഡിൽ വച്ചിരുന്ന ഹാർഡ് ഡിസ്‌ക്കുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ചു. ഹൈസ്‌കൂൾ ഓഫീസ് മുറിയിലെ നാല് അലമാരകളുടെ പൂട്ടുകൾ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. നിലവിളക്കും മെഡലുകളും സ്‌കൂളിന് മുന്നിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ചെടിച്ചട്ടിയും പൊട്ടിച്ചിട്ടിരുന്നു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്നുമാസം മുമ്പാണ് പത്തു കാമറകൾ ഹയർസെക്കൻഡറി കെട്ടിടത്തിൽ സ്ഥാപിച്ചത്. ഇതിൽ വരാന്തയുടെ മുന്നിലെ വഴിയിലേയും സ്‌കൂളിന് കിഴക്കുവശത്തെയും ദൃശ്യങ്ങൾ ലഭിച്ചിരുന്ന കാമറകളാണ് തകർത്തത്. എൻ.എസ്.എസ് കവലയിലെ തട്ടുകടയിൽ മോഷണശ്രമം നടന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്‌കൂളിന്റെ മുന്നിലെ കാമറ തകർത്തനിലയിൽ കണ്ടെത്തിയത്. വിരലടയാള വിദഗ്ദ്ധരും ഡോഗ്‌സ്‌ക്വാഡും പരിശോധിച്ചു. എസ്.ഐ ആദർശിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. എൻ.എസ്.എസ് സ്‌കൂൾ മാനേജർ ജഗദീശ്ചന്ദ്രൻ, താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് എലിസബേത്ത് മാത്യൂ, പി.ടി.എ പ്രസിഡന്റ് മോഹനൻ എന്നിവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |