കാഠ്മണ്ഡു:ഇന്ത്യയെ വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് അതിർത്തിയിലെ തന്ത്രപ്രധാന പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ പുതിയ ഭൂപടത്തിന് സാധുത നൽകാനുള്ള ഭരണഘടനാ ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റിന്റെ പ്രതിനിധി സഭ ഏകകണ്ഠമായി പാസാക്കി. പ്രതിപക്ഷകക്ഷികളും പിന്തുണ നൽകി.
നേപ്പാൾ എന്ന ചെറിയ രാജ്യത്തിന്റെ കടുത്ത നടപടിക്ക് പിന്നിൽ ചൈനയുടെ പിന്തുണ ഉണ്ടെന്നാണ് റിപ്പോർട്ട്. നേപ്പാൾ മറ്റാർക്കോ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് ഇന്ത്യ നേരത്തേ പ്രതികരിച്ചിരുന്നു.
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ 275 അംഗ കീഴ് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു. പ്രധാനമന്ത്രി കെ. പി ശർമ്മ ഒലിയുടെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 174 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ കക്ഷികളായ നേപ്പാളി കോൺഗ്രസിന്റെ 63 അംഗങ്ങളും മാധേശി പാർട്ടിയും ഗവൺമെന്റിന് പിന്തുണ നൽകി. ബിൽ ശബ്ദവോട്ടോടെ പാസാക്കിയ ശേഷം മുഴുവൻ എം. പിമാരും ബില്ലിൽ ഒപ്പിട്ടു. ഇതോടെ ഉത്തരാഖണ്ഡിലെ പിത്തോർഗഢ് ജില്ലയിലെ ഈ പ്രദേശങ്ങൾ നേപ്പാളിന്റെ ദേശീയ ചിഹ്നം പതിക്കുന്ന ഭൂപടത്തിന്റെ ഭാഗമാകും.
ഇന്നലെ പകൽ മുഴുവൻ നീണ്ട ചർച്ചയ്‌ക്ക് ശേഷം വൈകിട്ടായിരുന്നു വോട്ടെടുപ്പ്. ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസായതായി സ്പീക്കർ അഗ്നി സപ്കോട പ്രഖ്യാപിച്ചു.
ഇതൊരു ചരിത്ര നിമിഷമാണെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയമാനും മുൻ പ്രധാനമന്ത്രിയുമായ പുഷ്പകമാൽ പ്രചണ്ഡ പറഞ്ഞു.നേപ്പാളിലെ രാജാന്മാർ നഷ്ടപ്പെടുത്തിയ ഭൂമി നമ്മൾ വീണ്ടെടുത്തെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി, നേപ്പാളി കോൺഗ്രസ് നേതാവ് ഷേർബഹാദൂർ ദ്യൂബ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അനുരഞ്ജനം ദുഷ്‌കരം
നേപ്പാളിന്റെ നടപടി ഇന്ത്യയുമായുള്ള ബന്ധങ്ങൾ വഷളാക്കും. തർക്കപ്രദേശങ്ങൾ ഇപ്പോൾ നേപ്പാൾ ഭരണഘടനയുടെ ഭാഗമായതിനാൽ നയതന്ത്ര ചർച്ചകളിലൂടെ തർക്കം പരിഹരിക്കാനാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
തർക്കത്തിന്റെ നാൾവഴി
2020 മേയ് 8
ഉത്തരാഖണ്ഡിൽ ലിപുലേഖ് ചുരത്തെ ധാർച്ചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ റോഡ് പ്രതിരോധമന്ത്രി രാജനാഥ് സിംഗ് ഉദ്ഘാടനം ചെയ്‌തു. റോഡ് കടന്നുപോകുന്നത് കാലാപാനിയിലൂടെ. നേപ്പാൾ ഇടഞ്ഞു. കാലാപാനി തങ്ങളുടെ പ്രദേശമാണെന്ന നേപ്പാളിന്റെ വാദം ഇന്ത്യ തള്ളി. കൈലാസ് മാനസരോവർ തീർത്ഥാടനത്തിന്റെ പരമ്പരാഗത പാതയാണിത്. 1962ലെ ചൈനീസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യ ഈ റൂട്ട് അടച്ചതാണ്.
മേയ് 20 - ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു.
മേയ് 21 - പുതിയ ഭൂപടം പ്രതിനിധിസഭയിൽ അവതരിപ്പിച്ചു.
മേയ് 31 - പുതിയ ഭൂപടം അംഗീകരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽസഭയിൽ അവതരിപ്പിച്ചു. ഒരു മാസം നടക്കേണ്ട ചർച്ച ദ്രുതഗതിയിൽ പൂർത്തിയാക്കി
ജൂൺ 10 - ഭരണഘടന ഭേദഗതി ബിൽ പ്രതിനിധിസഭ അംഗീകരിച്ചു. വോട്ടെടുപ്പിന് ഇന്നലത്തേക്ക് മാറ്റി
ജൂൺ - 13 - ബിൽ സഭ ഏകകണ്ഠമായി പാസാക്കി.
ഇനി
പാർലമെന്റിന്റെ ഉപരിസഭയായ നാഷണൽ അസംബ്ലി പാസാക്കണം. ശേഷം ബിൽ നേപ്പാൾ പ്രസിഡന്റ് അംഗീകരിക്കണം. അതോടെ ബിൽ ഭരണഘടനയുടെ ഭാഗമാകും.
തർക്കപ്രദേശം
കാലാപാനി
അപ്പർ ഹിമാലയത്തിൽ. 37,000 ഹെക്ടർ വിസ്തൃതി. 1998മുതൽ നേപ്പാളിന്റെ അവകാശവാദം. 2019ൽ ഇന്ത്യ ജമ്മു കാശ്‌മീർ, ലഡാക്ക് കേന്ദ്രഭരണപ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിൽ കാലാപാനിയും മറ്റ് പ്രദേശങ്ങളും ഉത്തരാഖണ്ഡിൽ ഉൾപ്പെടുത്തിയതിൽ നേപ്പാൾ പ്രതിഷേധിച്ചിരുന്നു.
ലിപുലേഖ്
ഉത്തരാഖണ്ഡ് സംസ്ഥാനവും ടിബറ്റും ( ചൈന ) നേപ്പാളും ചേരുന്ന മുക്കവലയിലെ ചുരം. ഹിമാലയത്തിൽ 17,060 അടി ഉയരത്തിൽ. ഈ ചുരത്തിന്റെ തെക്കാണ് കാലാപാനി ഗ്രാമം.
ലിംപിയാധുര
ലിപുലേഖിന് പടിഞ്ഞാറ് സമാനമായ ഉയരത്തിൽ ഉത്തരാഖണ്ഡും ചൈനയും ചേരുന്ന കോണിലുള്ള സ്ഥലം.
അടിസ്ഥാനമില്ലാത്ത അവകാശ വാദം:ഇന്ത്യ
നേപ്പാളിന്റെ നടപടിക്ക് യാതൊരു സാധൂകരണവുമില്ല. ഇക്കാര്യത്തിൽ നേരത്തെ തന്നെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. നേപ്പാളിന്റെ വാദം ചരിത്രപരമായ വസ്തുതകളുടെയോ, തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല. അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ധാരണകളുടെ ലംഘനവുമാണത്.
-അനുരാഗ് ശ്രീവാസ്തവ,
വിദേശകാര്യ മന്ത്രാലയം വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |