തൃശൂർ : അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ചരക്ക് ലോറി ഡ്രൈവർമാർ, ജീവനക്കാർ എന്നിവരിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ തീരുമാനം. ഇതിന്റെ മുന്നോടിയായി ജില്ലയിലെ മാർക്കറ്റുകൾ അണുവിമുക്തമാക്കുന്ന നടപടി തുടരുകയാണ്. വടക്കേക്കാട് നിന്നുള്ള ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം പടർന്ന് ചരക്ക് ലോറി ഡ്രൈവറെ പരിശോധിക്കുന്നതിന് ഇടയിലാണെന്ന് കണ്ടെത്തിയിരുന്നു.
നേരത്തെ തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഡ്രൈവർമാരെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നെങ്കിലും ചരക്ക് ഇറക്കിയ ശേഷം റോഡരികിൽ വിശ്രമിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും അപകടം ക്ഷണിച്ച് വരുത്തുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്. ആരോഗ്യ പ്രവർത്തകരുടെ ജാഗ്രത മൂലമാണ് മാർക്കറ്റുകളിലും മറ്റും രോഗം പടരാതിരുന്നതെന്ന് ഡി.എം.ഒ പറഞ്ഞു. ഇതിനോടകം ശക്തൻ മാർക്കറ്റടക്കം അണുവിമുക്തമാക്കി കഴിഞ്ഞു.
കുരിയച്ചിറ വെയർഹൗസിംഗ് ഗോഡൗണിൽ നാലു ചുമട്ടു തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചതും അന്യസംസ്ഥാനക്കാരിൽ നിന്ന് തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. പ്രധാനമായും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ചരക്ക് ലോറികൾ തൃശൂരിലെത്തുന്നുണ്ട്. ഇവരെല്ലാം വിദഗ്ദ്ധ പരിശോധനകൾ കഴിഞ്ഞല്ല വരുന്നത്.
ടെലി സംവിധാനം വരുന്നു
വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗിയുടെ നില മനസിലാക്കുന്നതിന് ടെലി സംവിധാനം പ്രവർത്തനം തുടങ്ങി. നിരിക്ഷണ കേന്ദ്രത്തിലിരുന്ന രോഗിയുടെ ആരോഗ്യ നില അറിയുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. മുഴുവൻ സമയം ഈ സമിതിയുടെ നിർദ്ദേശ പ്രകാരം രോഗിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |