കൊച്ചി: പാലക്കാട് ഗർഭിണിയായ ആന സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളിയത്.
ദേശീയ പാർക്കിന്റെ പരിധിയിൽ വച്ച് മൃഗങ്ങൾക്ക് പരിക്കേറ്റാൽ കേസെടുക്കേണ്ടത് വൈൽഡ് ലൈഫ് വാർഡനാണ്. എന്നാൽ, തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത് മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. പ്രതികളുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികളായ അബ്ദുൽ കരീമും മകൻ റിയാസുദ്ദീനും കോടതിയിൽ ഹർജി നൽകിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ആനയുടെ വയറ്റിൽ രാസവസ്തുക്കളോ ലോഹത്തിന്റെ അംശമോ കണ്ടെത്താനായിട്ടില്ല. ആനയുടെ വായിൽ സ്ഫോടനം നടന്നിട്ടില്ല. ആന പൊതിക്കാത്ത തേങ്ങ കഴിക്കില്ല. ആനയുടെ നാവിന് മുറിവുണ്ടായിട്ടില്ല. കൊമ്പനാനയുടെ ആക്രമണത്താലായിരിക്കും ആനയുടെ കവിളിൽ മുറിവുണ്ടായതെന്നും ഹർജിയിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |