കോവളം: നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ദക്ഷിണേന്ത്യ ഭരിച്ച പല രാജവംശങ്ങളുടെ ഉദയവും അസ്തമയവും കണ്ട അതിപുരാതനമായ വിഴിഞ്ഞത്തെ വിഷ്ണു ക്ഷേത്രത്തിന്റെ നവീകരണം ഉടൻ ആരംഭിക്കും. ദേവസ്വം ബോർഡ് പ്രിസിഡന്റ് എൻ. വാസുവിന്റെ തേതൃത്വത്തിൽ ബോർഡ് അംഗങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അടിയന്തരമായി ക്ഷേത്രത്തിനെ പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. ദേവസ്വം ബോർഡിന്റെ നെയ്യാറ്റിൻകര ഗ്രൂപ്പിലെ വെങ്ങാനൂർ സബ് ഗ്രൂപ്പിൽ പെടുന്നതാണ് ഈ ക്ഷേത്രം. ദേവസ്വത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ക്ഷേത്രം പുനഃനിർമ്മിക്കാനും ദേവപ്രശ്നം നോക്കി വേണ്ട പരിഹാരം നടത്തി പൂജാതികർമ്മങ്ങൾ തുടരാനുമാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡംഗം എൻ. വിജയകുമാർ അറിയിച്ചു. ഇതിനായി നെയ്യാറ്റിൻ അസി. കമ്മീഷണറെയും വെങ്ങാനൂർ സബ്ഗ്രൂപ്പ് ഓഫീസറെയും ചുമതലപ്പെടുത്തി സെക്രട്ടറി ഉത്തരവിട്ടു. ആയ് രാജാക്കൻമാരുടെ ഭരണകാലത്താണ് പണിയിച്ച ക്ഷേത്രമാണ് വിഴിഞ്ഞത്തെ വിഷ്ണു ക്ഷേത്രമെന്നാണ് തിരുവിതാംകൂറിലെ ദേവസ്വങ്ങൾ എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ശൈവ വൈഷ്ണവ സങ്കൽപ്പത്തിൽ വിഷ്ണുവിന്റെയും ശിവലിംഗത്തിന്റെയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. രണ്ട് മന്ദിരങ്ങളിലായാണ് ഇവിടെ ശിവലിംഗത്തിന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠയുള്ളത്. കഴിഞ്ഞയാഴ്ച് വിഷ്ണുക്ഷേത്രം പാടെ തകർന്ന് വീണിരുന്നു. ഇതിന് സമീപത്തുള്ള ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രവും തകർച്ചയുടെ വക്കിലാണ്. വിജയപുരി എന്നറിയപ്പെട്ടിരുന്ന വിഴിഞ്ഞം ആയ് രാജക്കൻമാരുടെ രാജ്യതലസ്ഥാനമാണെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. ആയ് വംശത്തിലെ കരുനന്തടക്കൻ എന്ന രാജാവാണ് ഈ ക്ഷേത്രങ്ങൾ പണിയിച്ചതെന്നും ചരിത്ര രേഖകളിൽ പരാമർശമുണ്ട്. പൂജാദികർമ്മങ്ങളില്ലാതെ കിടന്ന ക്ഷേത്ര പരിസരത്ത് മത്സ്യമാംസ അവശിഷ്ടങ്ങൾ ഉപേക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ മതിൽ കെട്ടി ഗേറ്റിട്ടതോടെ ക്ഷേത്രപരിസരം ശുചിയായി. ഉടനെ തന്നെ ദേവസ്വം ബോർഡ് അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇവിടം സന്ദർശിക്കും.
ക്ഷേത്രത്തിന്റെ ചരത്രം
എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയ് രാജ്യം ഭരിച്ചിരുന്നത് സടയൻ, കരുനന്തൻ (778 - 857) എന്നിവരായിരുന്നു. ഇക്കാലത്ത് ജതിലവർമ്മൻ പരന്തകന്റെ കീഴിൽ പാണ്ഡ്യന്മാർ പലതവണ ആയ് രാജ്യത്തെ ആക്രമിക്കുകയും ആയ് രാജാക്കൻമാരെ തോൽപ്പിക്കുയും ചെയ്തിരുന്നു. കഴുഗുമലൈ ലിഖിതം അനുസരിച്ച് ഇദ്ദേഹം കരുനന്തനെതിരെ പടനിയിക്കുകയും അരിവിയൂർ കോട്ട നശിപ്പിക്കുകയുമുണ്ടായി. തുടർന്ന് ജതിലവർമ്മൻ ആയ് തലസ്ഥാനമായ വിഴിഞ്ഞം പിടിച്ചെടുക്കയും ചെയ്തു. ആയ് ഭരണാധികാരികൾ പത്ത് വർഷത്തിലധികം വിഴിഞ്ഞം പ്രദേശത്ത് യുദ്ധം ചെയ്യുകയുണ്ടായി. ചെരരാജക്കന്മാർ പാണ്ഡ്യർക്കെതിരെ യുദ്ധം ചെയ്യാൻ ആയ് രാജാക്കന്മാരെ സഹായിച്ചിരുന്നു. ഒൻപതാം നൂറ്റാണ്ടിൽ കരുനന്തടക്കൻ, മകനായ വിക്രമാദിത്യ വരഗുണൻ എന്നീ രണ്ട് രാജാക്കന്മാർ ആയ് രാജ്യം ഭരിക്കുകയുണ്ടായി. കരുനന്തടക്കൻ (എ.ഡി 857-885) വിഴിഞ്ഞം തലസ്ഥാനമായാണ് ഭരിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ രാജ്യം വടക്ക് തൃപ്പാപ്പൂർ മുതൽ തെക്ക് നാഗർ കോവിൽ വരെയായി ചുരുങ്ങിയിരുന്നു. വിഴിഞ്ഞം രാജ്യ തലസ്ഥാനമായി ഭരണം നടത്തിയപ്പോൾ കരുനന്തടക്കനാണ് വിഴിഞ്ഞത്തെ ക്ഷേത്രം നിർമ്മിച്ചതെന്ന നിഗമനത്തിലാണ് ചരിത്രഗവേഷകർ. കരുനന്തടക്കന് ശ്രീവല്ലഭൻ എന്ന് പേര് ഉണ്ടായിരുന്നതായി കണക്കാക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ പ്രശസ്ത ഗുരുകുലമായ തക്ഷശില പോലെ ദക്ഷിണേന്ത്യയിലെ കാന്തല്ലൂർ ശാല നിർമ്മിച്ചതും കരുന്തടക്കനാണെന്നാണ് കരുതുന്നത്.
അറിവിലേക്കായി
സംഘ കാലഘട്ടത്തിന്റെ ആദ്യംമുതൽ എ.ഡി പത്താം നൂറ്റാണ്ട് വരെ ദക്ഷിണേന്ത്യയിൽ ആയ് രാജവംശം ഭരണം നടത്തിയിരുന്നു
ചേരരാജവംശം സ്ഥാപിക്കുന്നതിന് മുമ്പുതന്നെ ആയ് രാജവംശം പ്രധാന രാഷ്ട്രീയ ശക്തിയായി വികാസം പ്രാപിച്ചിരുന്നു
ആയ് രാജവംശത്തിന്റെ പ്രതാപകാലത്ത് വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർകോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയുള്ള പ്രദേശവും ഇവരുടെ നിയന്ത്രണത്തിലായിരുന്നു.
എ.ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഭൂമിശാസ്ത്രഞ്ജനായ ക്ലോഡിയ്സ ടോളമി ആയ് രാജവംശം ബാരിസ് (പമ്പ) മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരുന്നതായി വിവരിക്കുന്നുണ്ട്.
പുറനാനൂറ് അനുസരിച്ച് ആയ് രാജ്യ തലസ്ഥാനം പൊതികൈമലയിലെ ആയ്ക്കുടിയായി കണക്കാക്കുന്നു. പിന്നീട് തലസ്ഥാനം വിഴിഞ്ഞത്തേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |