കാസർകോട്: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഘോഷങ്ങൾക്ക് അവധി നൽകിയതോടെ, ജീവിതവൃത്തിക്ക് വകയില്ലാതെ ആയിരക്കണക്കിന് കലാകാരന്മാർ ദുരിതത്തിൽ.
ക്ഷേത്രോത്സവങ്ങൾ, കാഴ്ചകൾ, അനുഷ്ഠാന മേളകൾ , സാംസ്കാരിക പരിപാടികൾ അടക്കം ഏത് ആഘോഷങ്ങൾക്കും ദൃശ്യ- ശ്രാവ്യ പൊലിമ നൽകുന്ന നാടൻകലാ പ്രദർശന കലാകാരന്മാർ, നാടക പ്രവർത്തകർ, ചമയമൊരുക്കുന്നവർ, അനുഷ്ഠാന കലാകാരന്മാർ, അണിയറ പ്രവർത്തകർ, ചിത്രകാരന്മാർ, വാദ്യോപകരണ വായനക്കാർ, സംഗീത-നൃത്ത അധ്യാപകർ, ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾ, മിമിക്രി കലാകാരന്മാർ തുടങ്ങി കലയെ ജീവിതോപാധിയാക്കിയ ആയിരക്കണക്കിനാളുകളാണ് വീടുകളിൽ ഒതുങ്ങിപ്പോയത്.
മറ്റൊരു ജോലിയും വശമില്ലാത്ത ഇവരുടെ ഏക വരുമാന മാർഗം ദൈവികമായി സിദ്ധിച്ച കലകൾ മാത്രമാണ്. കൂടുതൽ പരിപാടികൾ കിട്ടുന്ന സീസണിൽ തന്നെയാണ് ഇടിത്തീ വീണതുപോലെ ദുരിതകാലവും കടന്നുവന്നത്. സീസൺ കാലത്ത് കിട്ടുന്ന വരുമാനം സ്വരുക്കൂട്ടിയാണ് ഇവർ ശേഷിച്ച നാളുകളിൽ ജീവിച്ചു പോകുന്നത്.
ഉത്സവഘോഷങ്ങളുടെ ഭാഗമായി കലാപരിപാടികളിൽ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ട് മാത്രം അടുപ്പിൽ തീ പുകയ്ക്കുന്ന ഒട്ടേറെ കലാകാരന്മാർ വടക്കൻ ജില്ലകളിലുണ്ട്. സമീപ സംസ്ഥാനങ്ങളിൽ നിന്ന് പോലും കലാകാരന്മാർ ഉത്സവ സീസണിൽ ജില്ലയിൽ എത്താറുണ്ട്. ഇവരുടെയൊക്കെ ജീവിതമാണ് കൊവിഡ് വിലക്കുകൾ മൂലം പ്രതിസന്ധിയിലായത്. സന്നദ്ധ സംഘടനയുടെ ഇടപെടലിലൂടെ സർക്കാരിന്റെ ക്ഷേമനിധി പെൻഷനും കിറ്റുകളുമാണ് അകെ കിട്ടിയത്. പെൻഷൻ തുക വളരെ തുച്ഛമാണെന്നും അത് കിട്ടാത്തവർ തന്നെ ഏറെയുണ്ടെന്നും പറയുന്നു.
ബൈറ്റ്
വല്ലാത്തൊരു സമയത്താണ് കൊവിഡ് മഹാമാരി കഷ്ടകാലം വിതച്ചത്. വിവിധ വേഷങ്ങൾ അണിഞ്ഞു കാഴ്ചകളിൽ അണിനിരക്കുന്നവർ, പുലിക്കളി കലാകാരൻമാർ, കാഴ്ചകൾക്ക് കൊഴുപ്പുകൂട്ടുന്ന മറ്റുവിഭാഗം, അണിയറ പ്രവർത്തകർ തുടങ്ങിയവരുടെ കാര്യം വളരെ കഷ്ടത്തിലാണ്. കലാകേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനാൽ കാശില്ലാതെ വിഷമിക്കുന്ന കലാകാരന്മാർ വടക്കൻ കേരളത്തിൽ മാത്രം ആയിരക്കണക്കിന് വരും.
നരി നാരായണൻ
(ആദിപരാശക്തി നാടൻ കലാകേന്ദ്രം സ്ഥാപകൻ പാലക്കുന്ന് )
നിലവിലെ സാഹചര്യം പരിഗണിച്ച് കലാകാരന്മാർക്ക് സർക്കാർ നൽകുന്ന പെൻഷൻ ആനുകൂല്യം വർധിപ്പിക്കണം. വെറും ആയിരം രൂപ കൊണ്ട് മാസങ്ങൾ നീളുന്ന ലോക്ക് ഡൗൺ നാളുകളിലെ ദുരിതകാലം കഴിയണമെന്ന് പറയുന്നത് തീരെ ശരിയല്ല.
വരദ നാരായണൻ (നന്മ ഉദുമ മേഖല പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |