ന്യൂഡൽഹി:അതിർത്തിയും പരമാധാകാരവും സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലഡാക്കിൽ ലഡാക്കിൽ നാം ലോകത്തെ കാട്ടിക്കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ മണ്ണിൽ നോട്ടമിട്ടവർക്ക് നാം തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം മൻ കീ ബാത്തിൽ പറഞ്ഞു.
രാജ്യത്തിന്റെ പേര് എടുത്ത് പറയാതെയാണ് ചൈനയെ മോദി വിമർശിച്ചത്. സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തക്കതായ മറുപടി നൽകും. അത് ലോകം കണ്ടിട്ടുമുണ്ട് - ചൈനയുമായുള്ള സംഘർഷത്തിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചത് പരാമർശിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ ചൈനയുടെ പ്രവൃത്തികൾ ആ രാജ്യത്തിന്റെ സ്വഭാവമാണ് വെളിപ്പെടുത്തിയതെന്ന് പറഞ്ഞ മോദി ഇന്ത്യയുമായി താരതമ്യപ്പെടുത്താൻ ഒരു സംസ്കൃത ശ്ലോകവും ഉദ്ധരിച്ചു. അതിന്റെ അർത്ഥം ഇങ്ങനെ:'' നീചന് അറിവ് തർക്കത്തിനും സമ്പത്ത് അഹങ്കാരത്തിനും അധികാരം പരദ്രോഹത്തിനും വേണ്ടിയാണ്. പുണ്യാത്മാക്കൾക്ക് അറിവ് വിവേകത്തിനും ധനം ദാനത്തിനും അധികാരം ദുർബലനെ രക്ഷിക്കാനുമാണ്''.
കൊവിഡും, ചുഴലിക്കൊടുങ്കാറ്റുകളും വെട്ടുക്കിളി ആക്രമണവും ലഡാക്ക് സംഘർഷവും 2010 ഇന്ത്യയ്ക്ക് നൽകിയ വെല്ലുവിളികളാണ്. അവ നമ്മെ തളർത്തരുത്. പ്രതിസന്ധികളെ അവസരങ്ങളാക്കി മുന്നേറണം. ലോക്ക് ഡൗൺ അൺലോക്കിംഗ് തുടരും. കൂടുതൽ നേട്ടങ്ങൾ നൽകുന്ന കാലമായി 2020 മാറും എന്നും പ്രധാനമന്ത്രി വിവരിച്ചു. എല്ലാ പ്രതിസന്ധികളും മറികടന്ന് ഇന്ത്യ ശക്തമായ രാജ്യമായി മാറും.
രാജ്യത്തെ എല്ലാ ജനങ്ങളും മേക്ക് ഇൻ ഇന്ത്യക്ക് പിന്തുണ നൽകുന്നുണ്ട്. സ്വാശ്രയഭാരതം ഉണ്ടാക്കുന്നതിനാണ് എല്ലാവരുടെയും ശ്രമം.വീരമ്യത്യു വരിച്ച സൈനികൻ കുന്ദൻ കുമാറിന്റെ പിതാവിനെ അഭിവാദ്യം ചെയ്ത മോദി തന്റെ കൊച്ചുമകനെ സൈന്യത്തിൽ ചേർക്കും എന്ന അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |