തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമൂഹ വ്യാപനത്തിന്റെ ഭീതിയും തലസ്ഥാനജില്ലയിൽ ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക വർദ്ധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച വി.എസ്.എസ്.സി ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമായതിന്റെ ഉത്കണ്ഠയിൽ കഴിയുന്ന നഗരത്തിൽ ഇവരിൽ പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ സ്രവ പരിശോധന ഇനിയും പൂർത്തിയായിട്ടില്ല. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവപരിശോധന ഇന്ന് പൂത്തിയാക്കുന്നതിനൊപ്പം സെക്കന്ററി കോൺടാക്ടിലുള്ളവരുടെ പരിശോധനയും ഉടൻ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
തൃക്കണ്ണാപുരം സ്വദേശിയായ ഇയാളുടെ റൂട്ട് മാപ്പ് ഇന്നലെ പുറത്ത് വിട്ടതോടെ ഇദ്ദേഹവുമായി സമ്പർക്കമുണ്ടായതായി സംശയിക്കുന്ന ധാരാളം പേർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. ഇതിനോടകം 70 ൽ അധികം പേരോട് ക്വാറന്റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ച് കഴിഞ്ഞു. ജൂൺ 24ന് രോഗം സ്ഥിരീകരിച്ച ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അയൽവാസിയുടെ ഗൃഹ പ്രവേശച്ചടങ്ങിന് ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ജൂൺ നാല് മുതൽ നിരവധി പേരുമായി അടുത്തിടപഴകിയിട്ടുണ്ട്. ജൂൺ ആറിന് എസ്.ബി.ഐ കഴക്കൂട്ടം ബ്രാഞ്ചിലും ജൂൺ എട്ടിന് എസ്.ബി.ഐ തുമ്പ ബ്രാഞ്ചിലും ജൂൺ 18 ന് ചാലയിലെ ഇന്ത്യൻ ബാങ്കിലും ജൂൺ 19ന് തിരുമല കെ.എസ്.ഇ.ബി ഓഫീസും സന്ദർശിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം ആരോഗ്യപ്രവർത്തകരെത്തി അന്ന് ഇവിടങ്ങളിൽ വന്നുപോയവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ആട്ടോ ഡ്രൈവറുടെയും വി.എസ്.എസ്.സി ജീവനക്കാരന്റെയും ആട്ടോ ഡ്രൈവറുടെ ബന്ധുവായ സ്റ്റേഷനറി വ്യാപാരിയുടെയും കുടുംബത്തിന്റെയും രോഗബാധയെ തുടർന്ന് നഗരത്തിലെ ആറ്റുകാൽ, കുര്യാത്തി, കളിപ്പാൻകുളം, മണക്കാട് വാർഡുകൾ പൂർണമായും തൃക്കണ്ണാപുരം വാർഡിലെ ടാഗോർ റോഡ്, വള്ളക്കടവ് വാർഡിലെ പുത്തൻപാലം മേഖലകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടങ്ങളിൽ റോഡുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് സീൽ ചെയ്ത പൊലീസ് യാത്രകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.അനാവശ്യമായുള്ള യാത്രകളും കൂട്ടം കൂടലും ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കി. കൂടാതെ ഇവിടങ്ങളുമായി അടുപ്പമുള്ള ചാല, നെടുങ്കാട്, കാലടി, കമലേശ്വരം, അമ്പലത്തറ പ്രദേശങ്ങളെ പ്രത്യേക ശ്രദ്ധചെലുത്തേണ്ട മേഖലകളായി തിരിച്ച് അവിടങ്ങളിലും പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിരീക്ഷണം ശക്തമാക്കി. നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ, നിരത്തുകൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പരിശോധനയും ശക്തമായി തുടരുകയാണ്.
അതേസമയം വഞ്ചിയൂരിൽ കൊവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥന്റെ കൊവിഡ് പരിശോധന യഥാസമയം നടത്താതിരുന്നതിന് ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജും വിചിത്ര മറുപടിയുമായി രംഗത്തെത്തി. ജില്ലാ കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണത്തിലാണ് ആശുപത്രികളുടെ മറുപടി. പനിയും ശ്വാസം മുട്ടലുമായെത്തിയ വഞ്ചിയൂർ സ്വദേശി ജലദോഷം പ്രകടിപ്പിക്കാതിരുന്നതിനാലാണ് കൊവിഡ് ടെസ്റ്റ് നടത്താതിരുന്നതെന്ന് ജനറൽ ആശുപത്രി വിശദീകരിക്കുമ്പോൾ പനിയും ശ്വാസം മുട്ടലുമുള്ള എല്ലാ രോഗികൾക്കും കൊവിഡ് പരിശോധന നടത്താൻ നിർദേശമില്ലെന്നാണ് മെഡിക്കൽ കോളേജിന്റെ വെളിപ്പെടുത്തൽ.
ഏത് സാഹചര്യവും നേരിടാൻ തലസ്ഥാനം സുസജ്ജം: കടകംപള്ളി
തലസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാവുന്ന വിധം ശക്തമായ രോഗ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേരളകൗമുദി ഓൺലൈനോട് പറഞ്ഞു. ഇപ്പോൾ രോഗഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിലാകെ സ്രവപരിശോധനയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കൽ നടപടികളും ശക്തമാണ്. അണുനശീകരണമുൾപ്പെടെയുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. ഭീഷണിയുള്ള സ്ഥലങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണുകളാക്കി പൊലീസ് നിയന്ത്രണത്തിലാണ്. കടകളിലും സ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കാനും മാസ്ക് നിർബന്ധമാക്കാനും ബ്രേക്ക് ദ ചെയിൻ നടപടികൾ തുടരാനുമുള്ള നിർദേശം നൽകിയിട്ടുണ്ട്. തലസ്ഥാനത്ത് നിലവിലെ ഇളവുകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. സെക്രട്ടേറിയറ്റിന് മുന്നിലെസമരങ്ങളിലടക്കം പത്ത് പേരിൽ കൂടാൻ അനുവദിക്കില്ല. സർക്കാർ പരിപാടികളിൽ 20ൽ താഴെ ആളുകൾക്കായിരിക്കും അനുമതി. ജില്ലാ അതിർത്തികളിൽ നിരീക്ഷണം കൂടുതൽ കർശനമാക്കും. ചന്തകൾ, തീരപ്രദേശങ്ങൾ, കടകൾ എന്നിവിടങ്ങളിലും പരിശോധനയും നിയന്ത്രണവും കർശനമാക്കും.
കൊവിഡ് മാനദണ്ഡം ലംഘിക്കുന്ന കടകൾ അടപ്പിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിൽ യഥാക്രമം 50, 20 ആളുകൾ മാത്രം. ഇത്തരം ചടങ്ങുകളിൽ നിന്ന് എം.എൽ.എമാർ വിട്ടു നിൽക്കും. ആട്ടോ - ടാക്‌സി യാത്രക്കാർ വാഹന ഡ്രൈവറുടെ പേരും വാഹനനമ്പറും കുറിച്ചു വെക്കണം. സർക്കാർ - സ്വകാര്യ ആശുപത്രികളിൽ സന്ദർശകർക്ക് പ്രവേശനമില്ല.വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |