തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി. ജോസ് വിഭാഗത്തിന് യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ജോസ് കെ മാണിയെ മുന്നണി യോഗത്തിൽ പങ്കെടുപ്പിക്കേണ്ടെന്നും തീരുമാനമെടുത്തു. ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും ജോസ് പക്ഷം സഹകരിച്ചില്ലെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. ലാഭനഷ്ടമല്ല നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യു.ഡി.എഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല. ധാർമികമായ സഹകരണം ഉണ്ടായില്ല. പലതവണ സമവായ ചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്.
"ജോസ് പക്ഷം യു.ഡി.എഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യു.ഡി.എഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് പക്ഷം വാദിച്ചു. പല തലത്തിൽ ചർച്ച നടത്തി. ആവശ്യത്തിലേറെ സമയം നൽകി. മറ്റന്നാൾ നടക്കുന്ന യോഗത്തിൽ ജോസ് പക്ഷത്തെ ക്ഷണിക്കില്ലെന്നും" ബെന്നി ബഹനാൻ പറഞ്ഞു.
കോട്ടയം ജില്ലാപഞ്ചായത്ത് പദവി തർക്കത്തിൽ ഇന്ന് അവസാനവട്ട ചർച്ചകൾ നടക്കാനിരിക്കെ ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവർത്തിച്ചിരുന്നു. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റുകൾ സംബന്ധിച്ച് ധാരണയാകാതെ പ്രസിഡന്റ് സ്ഥാനം വിട്ടുനൽകില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ നിലപാട്. പ്രശ്നപരിഹാരത്തിനായി ജോസ് വിഭാഗം മുന്നോട്ടുവെച്ച നാല് നിർദേശങ്ങളും ജോസഫ് വിഭാഗം നിഷ്ക്കരുണം തള്ളി. ഇന്ന് അവസാന നിമിഷവും കോൺഗ്രസ് നേതാക്കൾ ജോസ് കെ മാണിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതേസമയം വൈകുന്നേരം നാല് മണിക്ക് ജോസ് കെ മാണി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |