SignIn
Kerala Kaumudi Online
Wednesday, 05 August 2020 8.16 PM IST

ഇ മൊബിലിറ്റി പദ്ധതി; കൺസൾട്ടൻസി കരാറിൽ അസ്വാഭാവികതയില്ല,​ പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

cm-

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതി സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇ-മൊബിലിറ്റി സര്‍ക്കാര്‍ നയമാണ്. പുതിയ കാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. 2022 ഓടെ 10 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കണമെന്നാണ് ആലോചന. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാഹനനയം സര്‍ക്കാര്‍ രൂപകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഒരു നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങള്‍ വർദ്ധിച്ച തോതില്‍ വേണമെന്നത് സര്‍ക്കാറിന്റെ ദൃഢനിശ്ചയമാണ്. ഇതൊക്കെ ഏതെങ്കിലും തോന്നലിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതല്ല. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം ഇന്ത്യ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സര്‍വ്വീസസ് കോര്‍പ്പറേറ്റഡ് (നിക്‌സി) എംപാനല്‍ ചെയ്ത സ്ഥാപനമാണ്. നിക്‌സിയുടെ അംഗീകൃത പട്ടികയിലെ മൂന്ന് കമ്പനികളെയാണ് ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഇ-മൊബിലിറ്റി പദ്ധതിക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കല്‍ എന്നിവയുടെ കണ്‍സള്‍ട്ടന്റുകളായി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐ.സി.എം.ആര്‍ ഉള്‍പ്പെടെയുള്ള മര്‍മ്മപ്രധാന സ്ഥാപനങ്ങളുടെയും കണ്‍സള്‍ട്ടന്‍സി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഓരോ ബസ് പോര്‍ട്ടുകള്‍ക്കും 2.15 കോടി രൂപയും ലോജിസ്റ്റിക് പോര്‍ട്ടുകള്‍ക്ക് 2.9 കോടി രൂപയും ഇ-മൊബിലിറ്റിക്കായി 82 ലക്ഷവുമാണ് വകയിരുത്തിയത്. ഇതിലൊന്നും ഒരു അസ്വാഭാവികതയും ഇല്ല. നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷമാണ് ഫയലുകളില്‍ അന്തിമ തീരുമാനമുണ്ടായതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന്റെ ഏജന്‍സിയായ നിക്‌സി എംപാനല്‍ ചെയ്ത പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുള്ളത് പ്രൈസ് വാട്ടര്‍ ഹൗസ് ആന്‍ഡ് കമ്പനി ബാംഗ്ലൂര്‍ എല്‍എല്‍പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്. ഇവരാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. ഒന്ന് ഓഡിറ്റ് കമ്പനിയും മറ്റൊന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമാണ്. രണ്ടും രണ്ട് വ്യത്യസ്ത പ്രവര്‍ത്തനമാണെന്ന ലളിതമായ കാര്യം മറച്ചുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതില്‍ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ഭാവി ആവശ്യമാണ് പുതിയ ഗതാഗത നയം. ഇതിന്റെ ഭാഗമായാണ് കേരളത്തിന് ഉതകുന്ന വിധത്തില്‍ ഇലക്ട്രിക് വെഹിക്കിൾ നയം രൂപവത്കരിച്ചത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് കൊണ്ട് സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിയാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI VIJAYAN, RAMESH CHENNITHALA, E MOBILITY PROJECT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.