തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തർക്കം വന്ന സമയത്ത് യു.ഡി.എഫ് സംസ്ഥാന നേതൃത്വം എടുത്ത ധാരണ ലംഘിച്ചതിനാണ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് മാറ്റി നിർത്തേണ്ട സാഹചര്യമുണ്ടായതെന്ന് ഉമ്മൻചാണ്ടി. ധാരണ പാലിക്കാമെന്ന് ജോസ് കെ മാണി സമ്മതിച്ചിരുന്നതാണ്. എന്നാൽ ആ തീരുമാനം നടപ്പാിലാക്കാൻ സാധിക്കാത്ത തരത്തിൽ ജോസ് വിഭാഗം മാറിയപ്പോഴാണ് ഇത്തരത്തിൽ യു.ഡി.എഫിന് തീരുമാനമെടുക്കേണ്ടി വന്നതെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.
കെ.എം മാണി യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമായിരുന്നു. അദ്ദഹം മുന്നണിക്ക് നൽകിയ സംഭാവനകൾ വിസ്മരിക്കില്ല. എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ യു.ഡി.എഫ് നേതൃത്വം നാല് മാസമെടുത്ത് നടത്തിയ ശ്രമങ്ങൾ നടക്കാതെ വന്നപ്പോഴാണ് ആഗ്രഹിക്കാത്ത തീരുമാനമാനം എടുക്കേണ്ടി വന്നത്. ഈ തീരുമാനം എടുത്തില്ലെങ്കിൽ നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമായിരുന്നു. ജോസ് വിഭാഗം ധാരണ പാലിക്കുന്ന സ്ഥിതിക്ക് ചർച്ചയ്ക്കുള്ള സാദ്ധ്യത ഇനിയുമുണ്ടാകും. പ്രശ്‌നപരിഹാരത്തിന് ഇനിയും സാദ്ധ്യതയുണ്ട്. കൂട്ടായും ഒറ്റയ്‌ക്കുമെല്ലാം ജോസ് വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. കെ.എം മാണിയുടെ സംഭാവന മറക്കില്ല. ധാരണ നടപ്പാക്കി ജോസ് വിഭാഗം മുന്നോട്ട് വരണം. വിഷയം അടഞ്ഞ അദ്ധ്യായമായി യു.ഡി.എഫ് കാണുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം മുന്നണിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ മൂന്നോട്ട് പോകാനാവാത്ത സാഹചര്യമുള്ളത് കൊണ്ടാണ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കിയതെന്ന് കെ.പി.സിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. യു.ഡി.എഫ് തീരുമാനം കൺവീനർ ഇന്നലെ അറിയിച്ചിട്ടുണ്ട്. എല്ലാവരുമായും ആലോചിച്ചാണ് ജോസ് വിഭാഗത്തെ മാറ്റി നിർത്താനുള്ള തീരുമാനമെടുത്തത്. ഘടകകക്ഷികളോട് മാത്രമല്ല കോൺഗ്രസ് ഹൈക്കമാൻഡിനെയും എ.കെ ആന്റണിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നാളെ നടക്കുന്ന മുന്നണി യോഗത്തിന് ശേഷം പറയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |