ന്യൂയോർക്ക് : നവംബറിൽ നടക്കാൻ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുകയാണെങ്കിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയും മുൻ യു.എസ് വൈസ് പ്രസിഡന്റുമായ ജോ ബൈഡൻ പറഞ്ഞു.
ഇന്ത്യയെ അമേരിക്കയുടെ സ്വാഭാവിക പങ്കാളിയെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. താൻ അധികാരത്തിലേറിയാൽ ഇന്ത്യയ്ക്ക് ഏറ്റവും ഉയർന്ന പരിഗണന തന്നെ നൽകുമെന്നും ബൈഡൻ പറഞ്ഞു. സുരക്ഷയ്ക്ക് ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
പ്രസിഡൻഷ്യൽ കാമ്പെയിനിന്റെ ഭാഗമായുള്ള വെർച്വൽ ഫണ്ട് സമാഹരണ പരിപാടിയ്ക്കിടെയാണ് ബൈഡന്റെ പ്രസ്താവന. താൻ എട്ടു വർഷ കാലയളവിൽ വൈസ് പ്രസിഡന്റായി ചുമതലയ വഹിച്ചിരുന്ന സമയം ഇന്ത്യയുമായി സുപ്രധാന ബന്ധം സ്ഥാപിക്കാനായി. യു.എസ് - ഇന്ത്യ ആണവ കരാറിന് യു.എസ് പാർലമെന്റിൽ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. ഒബാമ - ബൈഡൻ ഭരണകാലഘട്ടത്തിൽ ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വളരെ ശക്തമായിരുന്നു. താൻ ഇനി അധികാരത്തിലെത്തിയാൽ അതേ പേലെ ഇന്ത്യയുമായുള്ള ശക്തമായ ബന്ധം ആവർത്തിക്കുമെന്നും ബൈഡൻ പറഞ്ഞു.
വൈസ് പ്രസിഡന്റായിരിക്കുമ്പോഴും ഡെലാവെയറിൽ നിന്നുള്ള സെനറ്റ് അംഗമായിരിക്കുമ്പോഴും ഇന്ത്യ - യു.എസ് ബന്ധത്തെ ഏറ്റവും അധികം പിന്തുണച്ചിരുന്നയാളായിരുന്നു ബൈഡൻ.
കൊവിഡിനെതിരെ ട്രംപ് ഭരണകൂടത്തിന്റെ തണുപ്പൻ പ്രതികരണത്തിനെതിരെയും ബൈഡൻ ആഞ്ഞടിച്ചു. ട്രംപ് മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചെന്നും തയാറെടുപ്പുകൾ നടത്തിയില്ലെന്നും രാജ്യത്തിന് സംരക്ഷണം നൽകുന്നതിൽ പരാജിതനായെന്നും ബൈഡൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |