തിരുവനന്തപുരം: കവർന്നെടുത്തിട്ടും മതിവരാത്തതു പോലെ തിരമാലകൾ ശംഖുംമുഖം തീരത്തെ തല്ലിക്കൊണ്ടിരിക്കുകയാണ്. അതിൽ ശംഖുംമുഖത്തിന്റെ മുഖമാകെ തകർന്നുപോയിരിക്കുന്നു. തിര നക്കിയെടുത്തതിന്റെ അവശേഷിക്കുന്ന ഇത്തിരിപ്പോന്ന മണൽപരപ്പിൽ നിന്നു നോക്കുമ്പോൾ കാണുന്നത് പടിക്കെട്ടിന്റെ അവശിഷ്ടമാണെന്ന് മുമ്പ് ഇവിടെ വന്നവർക്കേ തിരിച്ചറിയാനാകൂ. ഏതാണ്ട് മുക്കാലും തകർന്നുകഴിഞ്ഞ പടിക്കെട്ടിന്റെ അവശേഷിപ്പ് ഏതു നിമിഷവും കടലിലേക്ക് പതിക്കാം.
പകൽ മാഞ്ഞാൽ ഇവിടെ നായ്ക്കളുടെ ഓരിയിടൽ അല്ലാതെ ഒന്നും കേൾക്കാറില്ല. മഴയില്ലെങ്കിൽ എന്നും ഇവിടെ ഉത്സവമായിരുന്നു. തിരകളോട് മത്സരിച്ച് തീരത്തേക്ക് ഓടുന്ന കുട്ടികൾ, പടിക്കെട്ടിലിരുന്ന് കപ്പലണ്ടിയും കൊറിച്ച് ഉല്ലസിച്ചിരിക്കുന്ന ദമ്പതിമാർ. തിരക്കില്ലാത്ത ഇടം നോക്കി നടക്കുന്ന കമിതാക്കൾ,പിറന്നാളും പ്രൊമോഷനുമാക്കെ ആഘോഷിക്കാനെത്തുന്ന സൗഹൃദക്കൂട്ടങ്ങൾ... ശ്രീപദ്മനാഭൻ ആറാടാനെത്തുന്ന ഈ കടലിന്റെ തീരത്താണ് രാഷ്ട്രീയപ്പാർട്ടികൾ അവരുടെ ശക്തി വിളിച്ചറിയിക്കാൻ കൂറ്റൻ പൊതുസമ്മേളനങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ ആകെ ശോകമാണിവിടം. പഴയ കോഫി ഹൗസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ശംഖുംമുഖത്തിന്റെ അടയാളങ്ങളിലൊന്നാണ് ഇപ്പോൾ. ആ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു തുടങ്ങിയിരിക്കുന്നു. കൂരയുടെ രണ്ട് മൂലഭാഗങ്ങളിൽ മേഞ്ഞിരുന്ന ഷീറ്റുകൾ ഇളകി.
ഈ കെട്ടിടം നവീകരിച്ച് സ്വകാര്യവ്യക്തിക്ക് വാടകയ്ക്ക് നൽകിയിട്ട് ഏറെക്കാലമായിട്ടില്ല. തിരുവിതാംകൂർ രാജാക്കന്മാർ പണിത പടിഞ്ഞാറെ കൊട്ടാരമാണിത്. തൂണില്ലാക്കൊട്ടാരത്തിലായിരുന്നു ആറാട്ട് ഉത്സവത്തിന് കഥകളി നടന്നിരുന്നതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. മംഗലാപുരത്തെ ബാസൽമിഷന്റെ ഓട് ഫാക്ടറിയിൽ നിന്നു ഓട് എത്തിച്ചാണ് കൂര മേഞ്ഞിരുന്നത്. നവീകരിച്ചപ്പോൾ ഓട് മാറ്റുകയായിരുന്നു. തീരം നഷ്ടപ്പെട്ടതോടെ മത്സ്യബന്ധന വള്ളങ്ങൾ തീരത്തേക്ക് കയറ്റിവച്ചിരിക്കുകയാണിപ്പോൾ. കൽമണ്ഡപത്തിനും കടലിനും ഇടയ്ക്കുള്ള ദൂരം 25 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. കേബിളുകളും ഇലക്‌ട്രിക് പോസ്റ്റുകളുമെല്ലാം കടലിൽ കിടക്കുന്നു. സുനാമി വന്നപ്പോൾ പോലും ഇത്രത്തോളം തീരം കടന്ന് കടൽ എത്തിയിരുന്നില്ല. ലോക്ക് ഡൗണായതിനു ശേഷം ഇവിടേക്ക് സന്ദർശകരെ അനുവദിക്കാറില്ല. അരെങ്കിലും എത്തിയാലും പൊലീസ് വിരട്ടി ഓടിക്കുമെന്ന് ലൈഫ് ഗാർഡായ വിജയൻ പറഞ്ഞു. അപ്പോഴതാ ബൈക്കിലെത്തിയ കമിതാക്കൾ വള്ളങ്ങൾക്കിടയിലൂടെ നടന്നുപോകുന്നു. 'എന്നാലും ഇതുപോലെ ചിലർ കറങ്ങിത്തിരിഞ്ഞ് ഇവിടെ എത്തും'- മറ്റൊരു ലൈഫ് ഗാർഡ് പറഞ്ഞിട്ട് നടന്നുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |