കൊല്ലം: പൊതുപഠന കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനം നടത്തുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ നടത്താൻ ജില്ലാ വിഭ്യാഭ്യാസ വകുപ്പിന്റെ ആലോചന. പരീക്ഷയെന്ന് കേൾക്കുമ്പോൾ പേടിച്ച് പൊതുപഠന കേന്ദ്രങ്ങളിലേക്കുള്ള വരവ് അവസാനിപ്പിക്കേണ്ട, അദ്ധ്യാപകരെത്തി ചെറിയ വിലയിരുത്തൽ മാത്രമാകും നടത്തുക.
ഓൺലൈൻ ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളുടെ ഓർമ്മയിലുണ്ടോ, കൃത്യമായി ക്ലാസിൽ പങ്കെടുത്തിട്ടുണ്ടോ എന്നിവയാണ് വിലയിരുത്തുക. പട്ടികവർഗ മേഖലകളിലേതടക്കം ജില്ലയിൽ 1,256 പൊതുപഠന കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവിടങ്ങളിൽ നാലായിരത്തോളം കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. രണ്ടാഴ്ചയിൽ ഒരിക്കലാകും വിലയിരുത്തൽ. ആദ്യ വിലയിരുത്തൽ അടുത്തയാഴ്ച നടക്കും.
എല്ലാ കുട്ടികളും ഓൺലൈനിൽ
വായനശാലകളും അങ്കണവാടികളും കേന്ദ്രീകരിച്ച് പൊതുപഠന കേന്ദ്രങ്ങൾ ആരംഭിച്ചതോടെ എല്ലാ കുട്ടികളും ഓൺലൈൻ പഠന പരിധിയിൽ എത്തിയെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം. എസ്.എസ്.എ അദ്യഘട്ടത്തിൽ നടത്തിയ കണക്കെടുപ്പിൽ 9,000 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. സന്നദ്ധസംഘടനകളും സർക്കാർ ഏജൻസികളും ലാപ്പ്ടോപ്പുകളും ടി.വികളും മൊബൈലുകളും സമ്മാനിച്ചതോടെ അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് കൂടി സ്വന്തമായി ഓൺലൈൻ പഠന സൗകര്യമൊരുങ്ങി. ബാക്കിയുള്ളവരാണ് ഇപ്പോൾ പൊതുപഠന കേന്ദ്രങ്ങളിലെത്തുന്നത്.
വലിയ പഠിത്തം പന്ത്രണ്ടിലും ഒന്നിലും
പന്ത്രാണ്ടാം ക്ലാസിലെയും ഒന്നാം ക്ലാസുകളിലെയും കുട്ടികളാണ് ഓൺലൈൻ പഠനം ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നതെന്നാണ് നിലവിലെ വിലയിരുത്തൽ. അതുകഴിഞ്ഞാൽ പത്താംക്ലാസുകാരാണ്. രക്ഷാകർത്താക്കൾ ഒപ്പമിരിക്കുന്നത് കൊണ്ടാണ് ഒന്നാം ക്ലാസുകാർ കണക്കിൽ മുന്നിലെത്തിയത്. എല്ലാ സ്കൂളുകളിലും ക്ലാസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകൾ വഴി എല്ലാ ദിവസവം വൈകിട്ട് ഓരോ ദിവസത്തെയും പഠനം വിലയിരുത്തുന്നുണ്ട്. ഗ്രൂപ്പുകൾ വഴി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുറിപ്പുകളും നൽകുന്നുണ്ട്.
''
പാവപ്പെട്ട കുട്ടികളാണ് പൊതുപഠന കേന്ദ്രങ്ങളിലെത്തുന്നത്. അവരുടെ കാര്യത്തിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും ആവശ്യമാണ്. അതുകൊണ്ടാണ് പ്രത്യേക വിലയിരുത്തൽ നടത്താൻ തീരുമാനിച്ചത്.
സുബിൻ പോൾ
ഡി.ഡി.ഇ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |