ന്യൂഡൽഹി : അടുത്തമാസം ആഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ രാജ്യത്തിന് അഭിമാനമായ മൂവർണക്കൊടി ഉയർത്തി, അതിന് ചുവട്ടിൽ നിന്നും ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന സുപ്രധാന പ്രസംഗം ഇക്കുറി ആവേശത്തിലാഴ്ത്തുന്നത് രാജ്യത്തെ മാത്രമാവില്ല. ലോകം ഉറ്റു നോക്കുന്ന കൊവിഡ് പ്രതിരോധിക്കുവാനുള്ള വാക്സിൻ നിർമ്മിക്കുന്നതിൽ രാജ്യം വിജയിച്ചുവെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയേക്കും. ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊവിഡിനെ തടയുന്നതിനായി വിവിധ രാജ്യങ്ങളിലായി ഒറ്റയ്ക്കും കൂട്ടായ്മയിലൂടെയും വാക്സിൻ നിർമ്മിക്കുന്നതിനുള്ള പരീക്ഷണ നിരീക്ഷണങ്ങൾ നടക്കുകയാണ്. ഇതിൽ പലതും പാതിഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ഇന്ത്യയിലും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് തദ്ദേശിയമായി വികസിപ്പിച്ച വാക്സിനിലാണ് രാജ്യം പ്രതീക്ഷവച്ചിരിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് ഭാരത് ബയോടെക് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി വാക്സിൽ വികസിപ്പിച്ചത്. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ക്ലിനിക്കൽ മനുഷ്യ പരീക്ഷണങ്ങൾ നടത്താൻ കഴിഞ്ഞ തിങ്കളാഴ്ച ഔദ്യോഗിക അനുമതി നൽകിയിരുന്നു. കൊവാക്സിൻ എന്നറിയപ്പെടുന്ന വാക്സിൻ മനുഷ്യ പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ ഈമാസം രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നടക്കും. വാക്സിന്റെ പ്രീക്ലിനിക്കൽ പഠനങ്ങളിൽ നിന്ന് ലഭിച്ച ഫലങ്ങൾ കമ്പനി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലിനിക്കൽ ട്രയൽ നടത്താൻ അനുമതി നൽകിയത്. ആദ്യ ഘട്ടത്തിൽ നാൽപ്പതോളം പേരിൽ മരുന്ന് പരീക്ഷിക്കും. കൊവാക്സിനാണ് ഇന്ത്യയിൽ ഇത്തരത്തിൽ അനുമതി ലഭിക്കുന്ന ആദ്യത്തെ വാക്സിൻ എന്നതു തന്നെ അതിന്റെ ഗുണമേൻമയെ കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് പ്രതീക്ഷയുള്ളതു കൊണ്ടാണ്.
ഐ സി എം ആറും എൻ ഐ വിയുമായുള്ള സഹകരണം ഈ വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായകമായിരുന്നു, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സജീവ പിന്തുണയും മാർഗ്ഗനിർദ്ദേശവും വാക്സിൻ നിർമ്മാണത്തിന്റെ ഈ ഘട്ടത്തിൽ എത്തുവാൻ തങ്ങളെ പ്രാപ്തമാക്കിയെന്ന് ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടർ ഡോ. കൃഷ്ണ എല്ല പറഞ്ഞു.
കൊവിഡിനെതിരെ മരുന്ന് കണ്ടെത്തുന്നതിനായി രാജ്യത്ത് മുപ്പതോളം സ്ഥാപനങ്ങൾ രാപ്പകൽ പരിശ്രമിക്കുന്നതായി മേയ്മാസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ ശുഭപ്രതീക്ഷ നൽകി മുന്നേറിയത് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |