തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പൂന്തുറ പുത്തൻപള്ളി സ്വദേശിയായ മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാൾ സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.
ജൂൺ എട്ടിന് വൈകുന്നേരം ആറരയ്ക്ക് കന്യാകുമാരി ഹാർബറിൽ നിന്ന് മീനുമായി എത്തിയ ഇയാൾ ഒമ്പതാം തീയതി പുലർച്ചെ രണ്ടരയോടെ പുത്തൻപള്ളിയിലെ വീട്ടിലെത്തി. അന്ന് ഉച്ചയ്ക്ക് കൊഞ്ചിറവിളയിലെ അരുൺ ആട്ടോമൊബൈൽസിലേക്ക് മാത്രമാണ് ഇയാൾ പോയിട്ടുള്ളത്. ജൂൺ പതിനൊന്ന് മുതൽ തുടർച്ചയായ പതിനൊന്ന് ദിവസം ഇയാൾ കന്യാകുമാരിയിലേക്ക് പോവുകയും മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്‌തിരുന്നു. ജൂൺ 22ന് ഉച്ചയ്ക്ക് പി.ആർ.എസ് ആശുപത്രിയിലെത്തിയ ഇയാൾ 23ന് വീണ്ടും കന്യാകുമാരിയിലേക്ക് പോയി വീട്ടിൽ തിരികെയെത്തി.
ജൂൺ 24ന് രാവിലെ പി.ആർ.എസ് ആശുപത്രിയിലും ഉച്ചയോടെ അൽ-ആരിഫ് ആശുപത്രിയിലും എത്തിയ ഇയാൾ 25ന് വീണ്ടും അൽ-ആരിഫ് ആശുപത്രിയിൽ രാവിലെയും വൈകുന്നേരവുമായെത്തി. 26 മുതൽ 28 വരെ മുഴുവൻ സമയവും വീട്ടിൽ തങ്ങിയ ഇയാൾ 29ന് അൽ-ആരിഫ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തുകയും മുപ്പതാം തീയതി ജനറൽ ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്‌തു.
സമൂഹവ്യാപനത്തിന്റെ ആശങ്കയുണർത്തി ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ തലസ്ഥാന ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര വഴുതൂർ, ബാലരാമപുരം തളയൽ, പൂന്തുറ, വഞ്ചിയൂർ അത്താണി ലെയ്ൻ, പാളയം മാർക്കറ്റും പരിസരവും എന്നിവകൂടി കണ്ടെയ്ൻമെന്റ് സോണാക്കി. പാളയം മാർക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |