തിരുവനന്തപുരം : ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശന വിഷയത്തിൽ വിരുദ്ധാഭിപ്രായം സ്വീകരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
''ഇടത് മുന്നണിയിലെ ഓരോ കക്ഷികൾക്കും വ്യത്യസ്തമായ അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക. സി പി ഐ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സി പി എം പറയില്ല. എന്നാൽ സി പി എമ്മിന്റെ തീരുമാനങ്ങളിൽ കൈകടത്താൻ അനുവദിക്കാറുമില്ല. മുന്നണി വിപുലീകരണത്തിലേക്ക് കാര്യങ്ങൾ എത്തിയാൽ സി പി ഐയോട് കൂടി ആലോചിച്ചേ തീരുമാനമെടുക്കൂ. ഒറ്റയ്ക്ക് മത്സരിച്ചാൽ എന്താണ് അവസ്ഥയെന്ന് ചിന്തിക്കുകയാണെങ്കിൽ കാനം രാജേന്ദ്രൻ പറഞ്ഞത് ശരിയാണ്. ഒറ്റയ്ക്ക് നിന്നാൽ ആരും ശക്തരല്ലെന്ന് എല്ലാവരും ഒാർക്കണം''-കോടിയേരി പറഞ്ഞു.
ജോസ് കെ മാണി വിഭാഗവുമായി എൽ ഡി എഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുനോക്കിയായിരിക്കും എൽ ഡി എഫിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. "യു ഡി എഫ് പ്രതിസന്ധിയിലാണ്. അങ്ങനെയുളള യു ഡി എഫിനെ രക്ഷിച്ചെടുക്കേണ്ട ബാദ്ധ്യത സി പി എമ്മിനില്ല. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് യു ഡി എഫിനെ ശിഥിലമാക്കും. അത് മുതലെടുക്കാൻ തന്നെയാണ് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സി പി എം ശ്രമിക്കുക.നിലവിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുളളത്. ഇടതുസർക്കാരിന് ജനപിന്തുണയേറുകയാണ് " കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |