മനയ്ക്കകത്ത് സുബ്രഹ്മണ്യൻ വിശ്വനാഥൻ എന്ന എം.എസ്. വിശ്വനാഥൻ 87ാം വയസിൽ അരങ്ങ് ഒഴിയുമ്പോൾ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ എണ്ണൂറോളം സിനിമകൾക്ക് സംഗീതം പകർന്നിരുന്നു. ഒപ്പം നൂറോളം ചിത്രങ്ങളിൽ ഗായകന്റെ കുപ്പായവും അണിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ഇത് ഒരു ചരിത്രം സൃഷ്ടിച്ച റെക്കാർഡാണ്. 1928ൽ പാലക്കാട്ട് മനയ്ക്കകത്ത് സുബ്രഹ്മണ്യന്റെയും നാരായണിയുടെയും മകനായി ജനനം. ബാല്യത്തിൽ തന്നെ വിശ്വനാഥന്റെ പിതാവ് മരണമടഞ്ഞതോടെ കൊടും ദാരിദ്ര്യത്തിലായി പിന്നീടുള്ള നാളുകൾ. തുടർന്ന് ആ കുടുംബം കണ്ണൂർ ജയിലിൽ ഉദ്യോഗസ്ഥനായിരുന്ന അമ്മാവന്റെ സംരക്ഷണയിലായി. വെറും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയെടുത്ത വിശ്വനാഥനെ അമ്മാവന്റെ ഒരു സ്നേഹിതൻ മദ്രാസിലേക്ക് കൊണ്ടുപോയി. ഒരു ഇതിഹാസകഥയുടെ 'ത്രില്ലിംഗ്' എപ്പിസോഡ് അവിടെ തുടങ്ങുകയായിരുന്നു. കഠിനമായ പരിശ്രമത്തിന്റെയും വെല്ലുവിളിയുടെയും അതിജീവനത്തിന്റെയും ആ ദുരന്തകഥ മറ്റുള്ളവർക്ക് പ്രചോദനമേകും.
സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ഒരു യുവാവ് 800 ചിത്രങ്ങൾക്ക് ഈണം പകർന്നുവെങ്കിൽ അതിന്റെ പിറകിൽ ഭാഗ്യവും കഠിന പരിശ്രമവുമല്ലാതെ മറ്റൊന്നില്ല. ആദ്യകാലത്ത് ചില തമിഴ് നാടകങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. അൻപതുകളിൽ തന്നെ സുബ്ബയ്യനായിഡു തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച സംഗീത സംവിധായകരിൽ ഒരാളായിരുന്നു. അങ്ങനെ അവരുടെ മ്യൂസിക്കൽ ട്രൂപ്പ് ഗാനങ്ങൾ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നപ്പോൾ എം.എസ്.വി ( പിൽക്കാലത്ത് ഈ ചുരുക്കപ്പേരിലാണ് തമിഴിൽ അറിയപ്പെട്ടത്) അതൊക്കെ കേൾക്കുന്ന ഒരു ശ്രോതാവായി. പിന്നീടുള്ള പടിപടിയായിട്ടുള്ള അദ്ദേഹത്തിന്റെ ഉയർച്ച ഒരത്ഭുതത്തോടുകൂടിമാത്രമേ നമുക്ക് ഓർക്കാനാവൂ. ആ മ്യൂസിക്കൽ ട്രൂപ്പിൽ നിന്നും അതിനോടൊപ്പം സുബ്ബയ്യനായിഡുവിന്റെയും ടി.ആർ. പാപ്പയുടെയും ശാസ്ത്രീയ സംഗീതപഠനത്തിന്റെയും തരംഗങ്ങൾ ആ യുവാവിൽ തളിരിട്ടുനിന്ന സംഗീതവാസനയെ പരിപോഷിപ്പിച്ചിട്ടുണ്ടാകണം. ക്രമേണ ഈ സർഗസിദ്ധി കണ്ടെത്തിയ എസ്.ആർ. സുബ്രഹ്മണ്യം, എം.എസ്.വിയെ തന്റെ ട്രൂപ്പിലെ ഹാർമോണിസ്റ്റാക്കി. ആ ട്രൂപ്പിലെ മറ്റൊരു വയലിസ്റ്റായിരുന്നു ടി.കെ. രാമമൂർത്തി. പിൽക്കാലത്ത് ദക്ഷിണേന്ത്യൻ സിനിമയിലെ ഹിറ്റ്മേക്കേഴ്സായി വിശ്വനാഥൻ - രാമമൂർത്തി ടീം മാറി. എന്നാൽ എൺപതുകളിൽ എം.എസ്.വിയും രാമമൂർത്തിയും തമ്മിൽ തെറ്റിപ്പിരിഞ്ഞു. തുടർന്ന് രാമമൂർത്തി ഒറ്റയ്ക്ക് ചെയ്ത പാട്ടുകൾ ക്ലിക്കായില്ല. എം.എസ്.വിയുടെ സംഭവബഹുലമായ ജീവിതത്തിൽ ഒരു 'ട്വിസ്റ്റ്" സൃഷ്ടിച്ചുകൊണ്ടായിരുന്നു പാലക്കാട്ടുകാരൻ കൂടിയായി എം.ജി രാമചന്ദ്രന്റെ കടന്നുവരവ്. ആ കണ്ടുമുട്ടൽ തമിഴ് സിനിമയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു.
എം.ജി.ആറുമായുള്ള പരിചയം എം.എസ്.വിയുടെ തലവര തന്നെ മാറ്റി മറിച്ചു. എം.ജി.ആറിന്റെ ആദ്യചിത്രമായ 'ജനോവ"യിൽ മൂന്ന് ഗാനങ്ങൾക്ക് ഈണം പകരാൻ എം. എസ്.വിക്ക് അദ്ദേഹം അവസരം നൽകി. (ആ ചിത്രത്തിൽ അദ്ദേഹം മൂന്നാമത്തെ സംഗീത സംവിധായകനായിരുന്നു.) പിന്നീട് എം എസ് വിയുടെ ജൈത്രയാത്ര ആയിരുന്നു. കണ്ണദാസൻ, വാലി എന്നിവരുടെ രചനയിൽ ടി.എം. സൗന്ദർരാജൻ, ശീർഘാഴി, പി.ബി.ശ്രീനിവാസ്, പി.സുശീല, വാണി ജയറാം, എൽ.ആർ.ഈശ്വരി തുടങ്ങിയവർ പാടിയ ഗാനങ്ങൾ ദക്ഷിണേന്ത്യയാകെ അലയടിച്ചു. സാധാരണ മനുഷ്യരുടെ ഹൃദയവികാരങ്ങൾ അതിൽ അലയടിച്ചുയർന്നു. അവർ ആ മരിക്കാത്ത ഈണങ്ങൾ ഹൃദയത്തിലേറ്റുവാങ്ങി. ബി.ആർ. പന്തലു, ശ്രീധർ, ബാലചന്ദർ, പി. മാധവൻ, കെ.ശങ്കർ,ഭീംസിംഗ്, കെ.എസ്. ഗോപാലകൃഷ്ണൻ, ടി.ആർ. രാമണ്ണ തുടങ്ങിയ ഒട്ടേറെ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങൾക്ക് എം.എസ്.വി പകർന്ന ഈണങ്ങൾ ചിത്രങ്ങളെ ബോക്സോഫീസ് ഹിറ്റാക്കി. ഉലകം ചുറ്റും വാലിബൻ, പാലും പഴവും, കർണ്ണൻ, അനുഭവി രാജ് അനുഭവി, കുമാരിപ്പെൺ, രാമു, ഗലാട്ടെ കല്യാണം, പറക്കും പറവൈ, ഭാമ വിജയം, അവൾ ഒരു തുടർക്കഥ, പാപമന്നിപ്പ്, നെഞ്ചിൽ ഒരു ആലയം, പാശം, തേവർ മകൻ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ എം.എസ്.വിയുടെ ഗാനങ്ങൾ കാലത്തിന്റെ ചുംബനമേറ്റ് ദക്ഷിണേന്ത്യയാകെ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നു. ഈ ചിത്രങ്ങൾ ബോക്സാഫീസ് ഹിറ്റായതിൽ എം.എസ്.വി സൃഷ്ടിച്ച ഈണങ്ങൾക്ക് വലിയപങ്കുണ്ട്. തമിഴ് സിനിമയിലെ 'മെലിസൈ മന്നാർ" (കിംഗ് ഒഫ് ലൈറ്റ് മ്യൂസിക്) തന്നെയായിരുന്നു അദ്ദേഹം.
എം.എസ്.വി ഒരു ട്രെൻഡ് സെറ്റർ കൂടിയായിരുന്നു. ദക്ഷിണേന്ത്യയിൽ ആദ്യമായി പ്രശസ്ത പിന്നണിഗായകരേയും സംഗീതജ്ഞരേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ലൈവ് ഷോ സംഘടിപ്പിച്ചതും അദ്ദേഹമായിരുന്നു. അദ്ദേഹം ഈണം നൽകി പി.സുശീല ആലപിച്ച 'പാലപൊലവേ" എന്ന ഗാനത്തിനായിരുന്നു 1964ൽ ആദ്യമായി ദേശീയ അവാർഡ് ലഭിച്ചത്. ഇന്ത്യൻ സിനിമയിൽ ഹമ്മിംഗിന്റെയും വിസിലിംഗിന്റെയും സാദ്ധ്യതകൾ കണ്ടെത്തി ഔചിത്യപൂർവം. തന്റെ ഗാനങ്ങളിൽ കൂട്ടിച്ചേർത്ത് പാട്ടിനെ 'സുന്ദര"മാക്കിയതും എം.എസ്.വി ആയിരുന്നു.
മലയാളസിനിമയിൽ എം.എസ്.വി ഹൈപിച്ചിൽ പാടിയ കണ്ണുനീർതുള്ളിയെ..., ഹൃദയവാഹിനി ഒഴുകുന്നു നീ...തുടങ്ങിയവ അസാധാരണമായ സർഗാത്മകതയുടെ മറ്റൊരു തലം കാട്ടിത്തരുന്നു. ഈ രംഗത്ത് പയറ്റിതെളിഞ്ഞ പ്രശസ്തഗായകരുടെ ആലാപനസിദ്ധിയുടെ കൊടുമുടിയിലേക്ക് തന്റെ ശബ്ദതരംഗങ്ങളെ പറത്തിവിടുന്നത് അത്ഭുതത്തോടെ നാം കേട്ടിരുന്നു. 'ലങ്കാദഹനം" എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ' അതിൽ ശ്രീകുമാരൻതമ്പി - വിശ്വനാഥൻ ടീം ഒരുക്കിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ എം.എസ്.വിയുടെ മ്യൂസിക്കൽ ക്രാഫ്റ്റിന്റെ സാക്ഷ്യപത്രങ്ങൾ. പുഷ്പാഭരണം വസന്തദേവന്..., ഈശ്വരനൊരിക്കൽ വിരുന്നിനുപോയി... എന്നീ ഗാനങ്ങൾ ഗാനശേഖരത്തിലെ മുത്തുകളാണ്. ജയചന്ദ്രൻ എന്ന ഭാവഗായകന്റെ ആലാപനസിദ്ധി അതിന്റെ എല്ലാ ചാരുതയോടും കൂടി കവർന്നെടുക്കുകയാണ് 'സ്വർണഗോപുരനർത്തകീ ശില്പം..."ദിവ്യദർശനം),'നീലഗിരികളുടെ സഖികളേ..."(പണിതീരാത്ത വീട്) അഷ്ടപദിയിലെ നായികേ ( ജീവിക്കാൻ മറന്നുപോയ സ്ത്രീ), അറബിക്കടലിളകിവരുന്നു...(മന്ത്രകോടി), മലരമ്പൻ വളർത്തുന്ന (മന്ത്രകോടി) തുടങ്ങിയ ഗാനങ്ങളിൽ. ഫോക്ക് സ്പർശമുള്ള നാടൻ ഈണങ്ങളുടെ സ്വർണ ഇഴകൾ കൊണ്ട് നെയ്തെടുത്ത ഗാനശില്പങ്ങളാണ് 'ഏതു പന്തൽ കണ്ടാലും' (വാണി ജയറാം) അയല പൊരിച്ചതുണ്ട് (എൽ.ആർ.ഈശ്വരി) കട്ടുറുമ്പേ വായാടി...(വാണി ജയറാം) കാവാലം ചുണ്ടൻ വള്ളം (യേശുദാസ്) തുടങ്ങിയവ. ഇവയാകട്ടെ സൂപ്പർ ഹിറ്റുകളും. തെന്നിന്ത്യൻ സിനിമയിലെ ചരിത്രം തന്നെയാണ് എം.എസ്.വി എന്ന് നിസംശയം പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |