ചെന്നൈ: സിനിമക്കാർ അടക്കി വാഴുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ താരങ്ങളെ കളത്തിലിറക്കി വോട്ട് പിടിക്കാൻ ബി.ജെ.പിയുടെ പുതിയ പദ്ധതി. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ഒന്നര വർഷം മാത്രം ശേഷിക്കെയാണ് ബി.ജെ.പിയുടെ പരീക്ഷണം. ഒരു കൂട്ടം നടിമാരെ സംസ്ഥാന ഭാരവാഹികളാക്കിയാണ് ബി.ജെ.പി കളം പിടിക്കാനായി രംഗത്തിറങ്ങുന്നത്.
നടിമാരായ മധുവന്തി അരുൺ, ഗൗതമി, കുട്ടി പത്മിനി, നമിത എന്നിവരെ ബി.ജെ.പിയുടെ തമിഴ്‌നാട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും നടി ഗായത്രി രഘുറാമിനെ കലാസാംസ്കാരിക വിഭാഗത്തിന്റെ പുതിയ അദ്ധ്യക്ഷയായും നിയമിച്ചാണ് ദേശീയ നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കിയത്.
മുൻ ഡി.എം.കെ നേതാവും തമിഴ്‌നാട് നിയമസഭ ഡെപ്യൂട്ടി സ്‌പീക്കറുമായിരുന്ന വി.പി ദുരൈസാമിയെ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി ദേശീയ നേതൃത്വം നിയമിച്ചു. ഇന്ത്യ ബി.ജെ.പിയുടെ സുരക്ഷിതമായ കൈകളിലാണെന്ന പരാമർശത്തിന് അദ്ദേഹത്തെ ഡി.എം.കെയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. തുടർന്നാണ് ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്ന ദുരൈസ്വാമി ബി.ജെ.പിയിൽ ചേരുന്നത്.
കെ.ടി രാഘവൻ, ജി.കെ സെൽവകുമാർ, പ്രൊഫ. ആർ.ശ്രീനിവാസൻ, കരു നാഗരാജൻ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കെ. ഷൺമുഖം, ഡോൾഫിൻ ശ്രീധർ, ടി.വരദരാജൻ എന്നിവരാണ് പുതിയ സംസ്ഥാന സെക്രട്ടറിമാർ. തന്റെ തമിഴ് മനില പാർട്ടിയെ ബി.ജെ.പിയുമായി ലയിപ്പിച്ച പോൾ കനകരാജ് ബി.ജെ.പി നിയമവിഭാഗത്തിന്റെ പുതിയ പ്രസിഡന്റാണ്.
പുതിയ ജില്ലാ സെക്രട്ടറിമാർ, വിവിധ വിഭാഗങ്ങളുടെ പ്രസിഡന്റുമാർ, ദേശീയ ജനറൽ കൗൺസിൽ അംഗങ്ങൾ, പുതിയ വക്താക്കൾ, ജില്ലാ നിരീക്ഷകർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ പാർട്ടിയുടെ എല്ലാ തട്ടിലും നേതൃമാറ്റത്തിന് വഴിയൊരുക്കിയാണ് ബി.ജെ.പി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.ആർ ശേഖറാണ് സംസ്ഥാന ട്രഷറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |