ഒരു വർഷമായി ആരാധകരും വിമർശകരുമെല്ലാം ധോണിയിൽ നിന്ന് ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ കാത്തുനിൽക്കുകയാണ്.
ആ ചോദ്യം ഇതാണ്; താങ്കൾ എന്നാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുക?.
ഇതുവരെ ഇതേപ്പറ്റി ഒരു വാക്കുപോലും ധോണിയുടെ വായിൽ നിന്ന് വീണിട്ടില്ല. ഇൗ ചോദ്യം തന്നോടല്ല എന്ന മട്ടിൽ അവഗണിക്കുകയാണ്. ഇപ്പോൾ വിരമിക്കണമെന്നും വേണ്ടെന്നും ധോണിക്ക് തോന്നുമ്പോൾ വിരമിക്കാൻ അവസരം നൽകണമെന്നുമൊക്കെ അഭിപ്രായങ്ങൾ നാലുപാടും നിന്ന് ഉയരുമ്പോൾ അതൊക്കെ മാറിനിന്ന് ആസ്വദിക്കുകയായിരിക്കും ധോണി.
2019 ലോകകപ്പിന്റെ സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. പട്ടാളത്തിൽ പോകാനായി വിശ്രമം വേണമെന്ന് പറഞ്ഞാണ് ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പരയിൽ നിന്ന് ഒഴിഞ്ഞുനിന്നത്. അതിന് ശേഷം ഒാരോ പരമ്പര വരുമ്പോഴും സെലക്ടർമാരുടെ ആദ്യ നോട്ടം ധോണിയിലേക്കായിരുന്നു. തത്കാലം എന്നെ വിട്ടേക്കൂ എന്ന ധോണിയുടെ മറുപടിയിലാണ് റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരെയൊക്കെ പരീക്ഷിക്കാൻ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ധൈര്യം കാട്ടിയത്.ഞങ്ങൾ ധോണിയുടെ പകരക്കാരനെത്തേടുകയാണ്, അതുകൊണ്ട് ധോണിയെ പരിഗണിക്കാൻ നിവൃത്തിയില്ല എന്ന് ചങ്കുറപ്പോടെ സ്ഥാനമൊഴിയുന്നതുവരെ പ്രസാദ് പറഞ്ഞിട്ടില്ല. മാറി നിൽക്കാൻ ധോണി സ്വയം സന്നദ്ധത കാട്ടുമ്പോഴല്ലാതെ മാറ്റിനിറുത്താൻ വളർന്ന സെലക്ടർമാർ ഇപ്പോൾ ഇല്ലതാനും.
കഴിഞ്ഞ മാർച്ചിൽ ഐ.പി.എൽ തുടങ്ങുമ്പോൾ കളിക്കളത്തിലേക്ക് വീണ്ടും വരാമെന്നും സെപ്തംബറിൽ നിശ്ചയിച്ചിരുന്ന ലോകകപ്പിൽ കളിച്ച് വിടവാങ്ങാമെന്നുമായിരുന്നു ധോണിയുടെ പ്ളാൻ. എന്നാൽ കൊവിഡ് അത് തെറ്റിച്ചു.മാർച്ചിൽ ചെന്നൈ സൂപ്പർകിംഗിസിനൊപ്പം പരിശീലനം തുടങ്ങുകയും ധോണി ചെയ്തിരുന്നു. മാസങ്ങളോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നതിന്റെ ഒരു ലക്ഷണവും ധോണിയുടെ ബാറ്റിംഗിൽ കണ്ടില്ലെന്ന് പരിശീലനത്തിൽ ധോണിക്കൊപ്പമുണ്ടായിരുന്ന സുരേഷ് റെയ്ന പറയുന്നു.പക്ഷേ ചെന്നൈയിൽ പരിശീലനത്തിന് വന്നപ്പോഴും ധോണി തന്റെ ഭാവിയെപ്പറ്റി ഒന്നും പറഞ്ഞില്ല.
അല്ലെങ്കിലും തന്റെ കരിയറിനെക്കുറിച്ച് ഒന്നും വിട്ടുപറയുന്ന സ്വഭാവക്കാരനല്ല ധോണി. ആറുകൊല്ലം മുമ്പ് ഒരു ആസ്ട്രേലിയൻ പര്യടനത്തിടെ ടെസ്റ്റ് കരിയറിന് കർട്ടനിട്ടപ്പോൾ ലോകം ഞെട്ടിപ്പോയതും അതുകൊണ്ടാണ്. കളിക്കളത്തിൽ ഒാരോ ബൗളറെയും ബാറ്റ്സ്മാനെയും ഫീൽഡറെയും വ്യക്തമായി നിരീക്ഷിച്ച് വിലയിരുത്തി തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ധോണിക്ക് പ്രത്യേക കഴിവുണ്ട്. കറുകൃത്യമായിരിക്കും ആ പ്ളാനിംഗ്. തന്റെ കരിയറിന്റെ കാര്യത്തിലും ധോണി കൃത്യത നിലനിറുത്തുമെന്നതിന്റെ തെളിവായിരുന്നു ടെസ്റ്റിലെ വിരമിക്കൽ.
അന്ന് ആസ്ട്രേലിയയിൽ തോറ്റ് തുന്നംപാടി നിൽക്കെ താരതമ്യേന ജൂനിയറായ കൊഹ്‌ലിയെ ക്യാപ്ടനാക്കിയ ശേഷം എന്തിനായിരുന്നു ധോണി ടെസ്റ്റ് കരിയർ തന്നെ വിട്ടതെന്നതിന് ഇന്ന് ആലോചിക്കുമ്പോൾ ഉത്തരം കിട്ടും. പ്രായമേറിവരുമ്പോൾ മൂന്ന് ഫോർമാറ്റുകളിലും പോരാതെ ഐ.പി.എല്ലിലും കൂടി കളിച്ച് കൂടുതൽ തളരുന്നതിന് മുമ്പ് ടെസ്റ്റ് വിടുക. ഏകദിനത്തിലും ട്വന്റി-20യിലും കൂടുതൽ ശ്രദ്ധിച്ച് കരിയർ നീട്ടുക. ടെസ്റ്റിൽ തന്നേക്കാൾ മികച്ചവർക്ക് വഴി തുറന്നിടുക. തനിക്കും ഇന്ത്യൻടീമിനും ഒരുപോലെ ഗുണകരമായ തീരുമാനമാണ് ധോണി അന്ന് എടുത്തത്. മാത്രവുമല്ല, ആസ്ട്രേലിയൻ പര്യടനത്തിന് ഇടയ്ക്ക് തന്നെ ഒഴിയുമ്പോൾ തോറ്റുകൊണ്ടിരിക്കുന്ന ടീമിന് പുതിയ ഒരു തുടക്കമിടാൻ വേണ്ട അടിത്തറയൊരുങ്ങും. 2017ൽ ഏകദിന ക്യാപ്ടൻസിയും വിരാടിന് കൈമാറിയത് അതിനുള്ള ശേഷി ആർജിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ക്യാപ്ടനായിട്ടു മാത്രമേ ധോണി കളിക്കൂ എന്ന് ടെസ്റ്റിലെ വിരമിക്കലിന് ശേഷം കുറഒയടുത്തിയവർക്കുള്ള മറുപടിയായാണ് വിരാടിന് കീഴിൽ ഒരു ലോകകപ്പ് ഉൾപ്പടെ കളിച്ചത്.
ധോണിയെക്കുറിച്ച ഉയർന്ന വിമർശനങ്ങളിൽ ഏറ്റവും പ്രധാനം തനിക്കൊപ്പം കളിച്ചവർക്ക് മാന്യമായൊരു വിരമിക്കലിന് അവസരം നൽകിയില്ലെന്നാണ്. ധോണിയുടെ കാലത്ത് സച്ചിൻ ടെൻഡുൽക്കർ ഒഴികെ മറ്റാരും ആഘോഷമായി വിരമിച്ചില്ലെന്നത് സത്യവുമാണ്. വി.വി.എസ് ലക്ഷ്മണും വിരേന്ദർ സെവാഗുമൊക്കെ വളരെ വിഷമിച്ചാണ് വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത്. ലക്ഷ്മൺ താൻ വിരമിക്കുന്ന കാര്യം ധോണിയോട് മുൻകൂട്ടി പറഞ്ഞതുപോലുമില്ലത്രേ. കളിക്കളത്തിൽ മാത്രമല്ല ആശുപത്രിയിലും പടപൊരുതി വിജയിച്ച ചരിത്രമുള്ള യുവ്‌രാജ് സിംഗിന് ഒരു വിടവാങ്ങൽ മത്സരം പോലും നൽകിത്തതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇർഫാൻ പഠാൻ ഏറെകാത്തിരുന്ന ശേഷം ഇൗ വർഷമാദ്യം വിരമിച്ചു.റെയ്ന ഇപ്പോഴും വിരമിക്കാതെ കാത്തിരിക്കുന്നു.ധോണിക്കൊപ്പമുണ്ടായിരുന്ന പലരുടെയും ഗതി ഇതൊക്കെത്തന്നെ.
ഇൗ പഴി ധോണി ക്യാപ്ടനെന്ന നിലയിൽ തുടക്കത്തിലേ കേട്ടിരുന്നു. ടീമിന്റെ കാര്യത്തിൽ വ്യക്തി താത്പര്യങ്ങൾക്ക് ധോണി വിലകൊടുക്കാറില്ല. ടീമിന് ഗുണമില്ലെങ്കിൽ എത്ര വലിയ താരമാണെങ്കിലും തനിക്ക് വേണ്ട എന്നാണ് ധോണിയുടെ പോളിസി. 2011ലോകകപ്പിന് ശേഷം സീനിയർ താരങ്ങളായ സച്ചിൻ,ഗംഭീർ. വിരേന്ദർ സെവാഗ് എന്നിവരെ ഒന്നിച്ച് കളിപ്പിക്കുന്നതിൽ താത്പര്യമില്ലെന്ന് ധോണി സെലക്ടേഴ്സിനോട് കട്ടായം പറഞ്ഞു. മൂവരും ഫീൽഡിംഗിൽ സ്ളോ ആയിരുന്നതാണ് കാരണം. ഇതുവഴി ടീമിന് കൂടുതൽ റൺസ് വഴങ്ങേണ്ടിവരുന്നു .റൊട്ടേഷൻ വ്യവസ്ഥയിൽ തങ്ങളെ ഉൾപ്പടുത്തുന്നതിനെ ഗംഭീറും വീരുവും കടുത്ത രീതിയിൽതന്നെ എതിർത്തു.പക്ഷേ വിലപ്പോയില്ല. ഒരു ഇല കൊഴിയുന്ന ശബ്ദം പോലുമില്ലാതെ അവർ ഇന്ത്യൻ ടീമിന് വെളിയിലായി. സച്ചിൻ സച്ചിനായതുകൊണ്ടുമാത്രം വിരമിക്കൽ മുൻകൂട്ടി പ്രഖ്യാപിച്ച് കളിക്കാൻ കഴിഞ്ഞു.
വീരുവിനും ഗംഭീറിനും ഇർഫാനുമൊന്നും ഇന്നും ധോണിയോടുള്ള നീരസം മാറിയിട്ടുണ്ടാവില്ല. പക്ഷേ ധോണി ആ രീതിയിൽ തീരുമാനങ്ങൾ എടുത്തതുകൊണ്ടുമാത്രം ഇന്ത്യൻ ക്രിക്കറ്റിന് സംഭവിച്ച അഞ്ച് ഗുണകരമായ കാര്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ നമുക്ക് മനസിലാകും.
1. ഫാബുലസ് ഫോർ എന്ന് വിശേഷിക്കപ്പെട്ട സച്ചിൻ,ഗാംഗുലി, ദ്രാവിഡ്. ലക്ഷ്മൺ എന്നിവർ വിരമിച്ചത് ധോണിയുടെ ക്യാപ്ടൻ കാലത്താണ്. എന്നാണ് ഇൗ വിരമിക്കലുകൾ ടീമിനെ കാര്യമായി ബാധിക്കാത്ത രീതിയിൽ പുതിയ സംഘത്തെ വാർത്തെടുക്കാൻ ധോണിക്ക് കഴിഞ്ഞു. സത്യത്തിൽ സീനിയേഴ്സ് വിരമിച്ച ശേഷമാണ് വർഷങ്ങളോളം ഇന്ത്യൻ ടീം ലോക ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്നത്.
2. ഇന്ത്യൻ ടീം ഇന്ന് മികച്ച ഫീൽഡിംഗ് യൂണിറ്റായി മാറിയത് ധോണി അന്ന് ഫീൽഡിംഗിന് നൽകിയ പ്രാധാന്യം കൊണ്ടുതന്നെയാണ്. റെയ്ന,യുവ്‌രാജ് ,ജഡേജ തുടങ്ങിയവരെ ഫീൽഡിംഗ് മികവ് മാത്രം മുൻനിറുത്തി ധോണി ടീമിലെടുക്കാൻ താത്പര്യപ്പെട്ടു.
3. മദ്ധ്യനിര ബാറ്റ്സ്മാനായി മുദ്രകുത്തപ്പെട്ട് ഫോം നഷ്ടപ്പെട്ട രോഹിത് ശർമ്മയെ തിരിച്ചുവരവിൽ ഒാപ്പണറായി സ്ഥാനക്കയറ്റം നൽകിയത് ധോണിയാണ്. രോഹിത് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഒാപ്പണറാണ്.
4. അശ്വിനെയും ജഡേജയെയും ടെസ്റ്റിൽ പരീക്ഷിക്കാൻ ധൈര്യം കാട്ടിയത് ധോണിയാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഹോം മാച്ചുകളിൽ അജയ്യരാക്കിയത് ഏകദിന സ്പെഷ്യലിസ്റ്റുകളായി മുദ്രചാർത്തിയിരുന്ന ഇവരാണ്.
5. വിരമിക്കുന്നതുവരെ താൻ തുടർന്നാൽ മതിയെന്ന് ധോണി കരുതിയിരന്നെങ്കിൽ കഴിഞ്ഞ വർഷം റിഷഭ് പന്തിനോ സഞ്ജുവിനോ ഇത്രയും അവസരങ്ങൾ ലഭിക്കുമായിരുന്നില്ല.
എന്ന് വിരമിക്കുമെന്ന ചോദ്യത്തിന് വിരമിക്കൽ പ്രഖ്യാപനവേദിയിലല്ലാതെ ധോണിയിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടതില്ല.കൊവിഡ് കാരണം ഐ.പി.എല്ലും ലോകകപ്പും തുലാസിലാണ്. അത് എന്ന് നടക്കുമെന്ന് അറിയില്ല. കൊവിഡ് കാലം കഴിഞ്ഞാൽ താൻ ടീമിലുണ്ടാകുന്നത് ഇന്ത്യയ്ക്ക് നല്ലതാണെന്ന് തോന്നിയാൽ ധോണി വീണ്ടും നീലക്കുപ്പായത്തിലിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |