കോട്ടയം: ഹണിട്രാപ്പിൽപ്പെടുത്തി വ്യാപാരിയെ കുടുക്കി ലക്ഷങ്ങൾ കൈക്കലാക്കിയ ലതാദേവി ഓട്ടോഡ്രൈവറുടെ പണവും അടിച്ചുമാറ്റി. ഇടനിലക്കാരനായി പ്രവർത്തിച്ച അടിമാലി ബാറിലെ അഭിഭാഷകനും അഴിക്കുള്ളിലായി. നാലംഗ സംഘം ഇതിനോടകം ട്രാപ്പിൽ പെടുത്തിയത് ഒരു ഡസനിലേറെപേരെ. മാനം ഭയന്ന് പലരും വിവരം പുറത്തുവിട്ടില്ലെങ്കിലും ചിലർ പരാതിയുമായി എത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് കേസുകളാണ് ലതാദേവിക്കും സംഘത്തിനുമെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 75,000 രൂപ തട്ടിയെടുത്ത ലതാദേവിക്ക് എതിരെ ഓട്ടോറിക്ഷ ഡ്രൈവർ ഇന്നലെ അടിമാലി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞദിവസം അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ അടിമാലി ബാറിലെ അഭിഭാഷകൻ ചാറ്റുപാറ മറ്റപ്പിള്ളിൽ ബെന്നി മാത്യുവിനെ (56) വീണ്ടും അറസ്റ്റ് ചെയ്തത്. രണ്ടു ദിവസത്തേക്ക് ബെന്നിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. കേസിലെ മറ്റ് പ്രതികളായ കല്ലാർകുട്ടി കത്തിപ്പാറ പഴക്കാളിയിൽ ലതാദേവി (32), പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയിൽ ഷൈജൻ (43), പടിക്കപ്പ് തട്ടായത്ത് ഷെമീർ (38)എന്നിവർ റിമാൻഡിലാണ്.
അടിമാലി മണാങ്കാല ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കളംപാട്ട്കുടി സിജുവിനെ ലതാദേവി ട്രാപ്പിൽ കുടുക്കുകയായിരുന്നു. ജൂൺ 15നായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ കയറിയ ലതാദേവി കൂമ്പൻപാറയിലേക്ക് പോവണമെന്ന് ആവശ്യപ്പെട്ടു. കുറെദൂരം പിന്നിട്ടപ്പോൾ ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവറുമായി അടുത്ത് ഇടപെഴുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ മൊബൈൽഫോണിൽ സൂത്രത്തിൽ പകർത്തുകയും ചെയ്തു.
അന്നുതന്നെ വൈകുന്നേരം പത്രപ്രവർത്തകനെന്ന് വിശേഷിപ്പിച്ച് ഷൈജൻ സിജുവിനെ വിളിച്ചു. യുവതിയെ പീഡിപ്പിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും കേസ് ഒഴിവാക്കുന്നതിന് 40,000 രൂപ നല്കണമെന്നും ഷൈജൻ ആവശ്യപ്പെട്ടു. ഇതിൻപ്രകാരം 40,000 രൂപ യുവതിയുടെ അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കുകയും ചെയ്തു. 26ന് വീണ്ടും ഷൈജൻ വിളിച്ച് 35,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇപ്രാവശ്യം അഡ്വ.ബെന്നിയുടെ ഓഫീസിൽ എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതിൻപ്രകാരം സിജു പണം അവിടെ എത്തിച്ചു.
വ്യാപാരിയെ ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ വാങ്ങിയ വിവരം അറിഞ്ഞാണ് സിജു അടിമാലി സി.ഐ അനിൽ ജോർജിന് പരാതി നല്കിയത്. കഴിഞ്ഞ ജനുവരി 27നായിരുന്നു വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. വിജയന്റെ ബന്ധുവിന്റെ പേരിലുള്ള 9.5 സെന്റ് സ്ഥലം വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തിയ ലതാദേവി വിജയനുമായി നിൽക്കുന്ന ഫോട്ടോ മൊബൈൽഫോണിൽ പകർത്തി. ഇത് കാട്ടിയായിരുന്നു ഭീഷണിപ്പെടുത്തൽ. സിജുവിനെ ഭീഷണിപ്പെടുത്തിയത് പത്രപ്രവർത്തകനെന്ന് പറഞ്ഞാണെങ്കിൽ വിജയനെ ഭീഷണിപ്പെടുത്തിയത് റിട്ട.ഡിവൈ.എസ്.പി ആണെന്ന് പറഞ്ഞായിരുന്നു. 2017ൽ ലതാദേവിയും ഷൈജനും ചേർന്ന് കല്ലാർകുട്ടിയിൽ ഒരു പോസ്റ്റുമാനെ ഭീഷണിപ്പെടുത്തി 70,000 രൂപ തട്ടിയെടുത്തതിനും കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |