അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ച് ബാറ്റ്സ്‌മാന്മാർ ഇവരാണ്.
34357
സച്ചിൻ ടെൻഡുൽക്കർ
1983 മുതൽ 2013 വരെ 23 കൊല്ലത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ നിന്ന് 34,357 റൺസാണ് സച്ചിൻ ടെൻഡുൽക്കർ വാരിക്കൂട്ടിയത്. മൂന്നു ഫോർമാറ്റുകളിലുമായി കളിച്ചത് 664 മത്സരങ്ങൾ. 100 സെഞ്ച്വറികളുടെ അപൂർവ റെക്കാഡ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സച്ചിൻ തന്നെ.
200 ടെസ്റ്റുകളിൽ നിന്ന് സച്ചിൻ അടിച്ചുകൂട്ടിയത് 15,921 റൺസാണ്. 51 സെഞ്ച്വറികളും 168 അർദ്ധ സെഞ്ച്വറികളും. ഉയർന്ന സ്കോർ 248 നോട്ടൗട്ട്.
463 ഏക ദിനങ്ങളിൽ നിന്ന് സച്ചിന്റെ സമ്പാദ്യം 18,426 റൺസ്. 49 സെഞ്ച്വറികളും 96 അർദ്ധ സെഞ്ച്വറികളും. ടെസ്റ്റിൽ ആദ്യം ഇരട്ട സെഞ്ച്വറി തികച്ചതും സച്ചിൻ.
ലോകത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരവും സച്ചിനാണ്. ടെസ്റ്റിൽ മത്സരങ്ങളുടെ എണ്ണത്തിൽ ഡബിൾ സെഞ്ച്വറി തികച്ച മറ്റാരുമില്ല. മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് റിക്കി പോണ്ടിംഗും സ്റ്റീവ് വോയുമാണ്. 168 മത്സരങ്ങൾ വീതമാണ് ഇരുവരും കളിച്ചത്.
ഏകദിന മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം മഹേല ജയവർദ്ധനെയ്ക്കാണ്. 448 മത്സരങ്ങൾ മഹേല കളിച്ചിട്ടുണ്ട്.
28016
കുമാർ സംഗക്കാര
2000 മുതൽ 2015 വരെ ക്രീസിലുണ്ടായിരുന്ന ഈ ഇടം കൈയൻ ബാറ്റ്‌സ്‌മാൻ 594 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. 134 ടെസ്റ്റുകൾ, 404 ഏക ദിനങ്ങൾ, 56 ട്വന്റി 20 കൾ. 153 അർദ്ധ സെഞ്ച്വറികളും 63 സെഞ്ച്വറികളും നേടി.
ടെസ്റ്റിൽ 12400 റൺസ്, ഏകദിനത്തിൽ 14,234, ട്വന്റി 20 യിൽ 1382 എന്നിങ്ങനെയാണ് സംഗക്കാരയുടെ വേട്ട.
27483 റിക്കി പോണ്ടിംഗ്
17 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ പോണ്ടിംഗ് കളിച്ചത് 560 മത്സരങ്ങൾ. 168 ടെസ്റ്റുകളിൽ നിന്ന് 13,378 റൺസ്. 41 സെഞ്ച്വറികളും 62 അർദ്ധ സെഞ്ച്വറികളും. 375 ഏകദിനങ്ങളിൽ നിന്ന് 13,704 റൺസ്. 30 സെഞ്ച്വറികളും 82 അർദ്ധ സെഞ്ച്വറികളും. 17 ട്വന്റി 20 കളിൽ മാത്രം ഇറങ്ങിയ പോണ്ടിംഗ് ദീർഘകാലം ആസ്ട്രേലിയൻ ക്യാപ്ടനുമായിരുന്നു.
25957
മഹേല ജയവർദ്ധനെ
കളിക്കളത്തിലും പുറത്തും സംഗക്കാരയുടെ ഉറ്റതോഴനായ മഹേല ജയവർദ്ധനെ റൺ വേട്ടയിലെ നാലാം സ്ഥാനക്കാരനാണ്. 652 അന്താരാഷ്ട്ര മത്സരങ്ങളാണ് മഹേല കളിച്ചിട്ടുള്ളത്. 54 സെഞ്ച്വറികളും 136 അർദ്ധ സെഞ്ച്വറികളും സ്വന്തം പേരിൽ കുറിച്ചു. 149 ടെസ്റ്റുകളിൽ നിന്ന് 11,814 റൺസ്, 448 ഏക ദിനങ്ങളിൽ നിന്ന് 1265, ട്വന്റി 20കളിൽ നിന്ന് 1493 റൺസ് എന്നിങ്ങനെയാണ് മഹേലയുടെ സമ്പാദ്യം. ട്വന്റി 20 യിലും സെഞ്ച്വറി നേടിയിട്ടുണ്ട്.
25,534
ജാക്കസ് കാലിസ്
എക്കാലത്തെയും മികച്ച ആൾ റൗണ്ടറായ കാലിസ് 19 വർഷം നീണ്ട കരിയറിൽ കളിച്ചത് 519 അന്താരാഷ്ട്ര മത്സരങ്ങൾ. 166 ടെസ്റ്റുകളിൽ നിന്ന് 45 സെഞ്ച്വറികളും 58 അർദ്ധ സെഞ്ച്വറികളുമടക്കം 13,289 റൺസ്. 328 ഏക ദിനങ്ങളിൽ നിന്ന് 17 സെഞ്ച്വറികളും 86 അർദ്ധ സെഞ്ച്വറികളും അടക്കം 11579 റൺസ്. 25 ട്വന്റി 20 കളിൽ നിന്ന് 666 റൺസ് എന്നിങ്ങനെയാണ് സമ്പാദ്യം. ടെസ്റ്റിൽ 292 വിക്കറ്റുകളും ഏകദിനത്തിൽ 273 വിക്കറ്റുകളും അക്കൗണ്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |