
ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മികച്ച കുതിപ്പുനൽകാൻ സ്റ്റാർട്ടിംഗ് ബ്ളോക്ക് ഉപയോഗിക്കാറുണ്ട്. പി.ടി ഉഷയ്ക്ക് കരിയറിലും വ്യക്തി ജീവിതത്തിലും സ്റ്റാർട്ടിംഗ് ബ്ളോക്കായി മികച്ച കുതിപ്പ് നൽകാൻ ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് കഴിഞ്ഞദിവസം അന്തരിച്ച ഭർത്താവ് വി. ശ്രീനിവാസൻ. വിവാഹശേഷവും പി.ടി ഉഷയെ പി.ടി ഉഷയായിത്തന്നെ തുടരാൻ അനുവദിച്ച മുൻ കബഡി താരം കൂടിയായ ശ്രീനിവാസൻ അവരുടെ ഓരോ വളർച്ചയിലും നിഴൽപോലെ നിന്നു. പരിശീലകയായും കായിക ഭരണാധികാരിയായും രാജ്യസഭാ എം.പിയായുമൊക്കെ പടവുകൾ കയറുവാൻ തുണയായി. ഉഷയ്ക്ക് എതിരായ വിമർശനങ്ങൾ പലപ്പോഴും സ്വയം ഏറ്റുവാങ്ങി.
1991 ഏപ്രിൽ 25 നാണ് ബന്ധു കൂടിയായ ഉഷയുമായി ശ്രീനിവാസന്റെ വിവാഹം.വിവാഹശേഷം ഉഷയെ ട്രാക്കിലേക്ക് എത്തിക്കാൻ ശ്രീനിയാണ് മുന്നിൽ നിന്നത്. മൂപ്പരെന്നാണ് ഉഷ ശ്രീനിവാസനെ വിശേഷിപ്പിച്ചിരുന്നത്. 2000ത്തോടെ ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സ് രൂപീകരിക്കാൻ മുന്നിൽ നിന്നു. ഇന്ന് ഉഷ സ്കൂളിന്റെ സെലക്ഷൻ ട്രയൽസിനായി മധുരയിൽ പോകാനിരിക്കേയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.
സ്കൂൾ കാലഘട്ടം മുതൽ മുതൽ പി.ടി.ഉഷ പങ്കെടുത്ത എല്ലാ മത്സരങ്ങളെക്കുറിച്ചും അതിലെ റെക്കോർഡുകളെക്കുറിച്ചും ഏതുറക്കത്തിലും പറയുമായിരുന്ന ശ്രീനിവാസൻ ഉഷയെക്കുറിച്ച് ഒരു മ്യൂസിയം ഒരുക്കുന്നതിന്റെ തിരക്കുകളിലായിരുന്നു. ഉഷ കരിയറിൽ നേടിയ 103 അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും അവയുടെ മത്സരവിവരങ്ങളും ഡോക്യുമെന്റ് ചെയ്തുവരികയായിരുന്നു. മകനെ ഡോക്ടറാക്കിയെങ്കിലും സ്പോർട്സ് മെഡിസിൻ രംഗത്തേക്ക് കൊണ്ടുവന്നതും അദ്ദേഹമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |