തിരുവനന്തപുരം:സ്വർണകടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ്. വിശ്വസ്തതയുളള അന്വേഷണ ഏജൻസിയാണ് സിബിഐ. സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി അടിയന്തിര ക്യാബിനറ്റ് യോഗം വിളിച്ച് സിബിഐ അന്വേഷണം വേണമെന്ന് ക്യാബിനറ്റ് തീരുമാനം എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്രത്തെ ആ തീരുമാനം അറിയാക്കാനുളള ആർജ്ജവവും മുഖ്യമന്ത്രിക്ക് വേണം. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസിൽ പങ്കുണ്ട്. ശിവശങ്കരൻ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. ശിവശങ്കരനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നുവെന്നും മുല്ലപ്പളളി ചോദിച്ചു.
കേസിലെ പ്രതിയായ സ്വപ്ന ചെറിയ കണ്ണിയാണ്. വൻ സ്രാവുകൾ പുറത്താണ്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിക്ക് നിവേദനം നൽകി. നിലവിൽ എൻ ഐ എ ആണ് കേസന്വേഷിക്കുക. ഏറെ നാൾ എൻഐഎയിൽ ഉന്നത സ്ഥാനത്തിരുന്നയാളാണ് നിലവിലെ പൊലീസ് മേധാവി. അദ്ദേഹത്തിന് ഏറിയും കുറഞ്ഞും എൻഐഎയിൽ സ്വാധീനമുണ്ട്. അന്താരാഷ്ട്ര ബന്ധമുളള ഈ കേസ് എൻഐഎക്കൊപ്പം റോയും അന്വേഷിക്കണം.
അതേ സമയം, മുൻ ഐടി സെക്രട്ടറിയായ ശിവശങ്കരനെ അറസ്‌റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഐടി വകുപ്പിൽ പിൻവാതിൽ നിയമനമുണ്ട്. സ്വപ്നയുടെ പുറത്തുവന്ന ശബ്ദരേഖ പൊലീസ് പടച്ചുണ്ടാക്കിയതാണ്. സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവക്കണം, നിലവിൽ കേസ് അന്വേഷിക്കുന്ന എൻഐഎക്ക് ഷെഡ്യൂൾഡ് ക്രൈം മാത്രമേ അന്വേഷിക്കാനാകൂ. ഇത്തരം കേസുകളന്വേഷിക്കാൻ കഴിയില്ല. എൻഐഎയെ ഏൽപ്പിക്കുന്നത് വഴി ബിജെപി സംസ്ഥാന സർക്കാരിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമത്തെ പാർട്ടി എതിർക്കും. പ്രതിപക്ഷം നെറികേട് കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണകടത്ത് കേസിൽ പഴുതടച്ച അന്വേഷണം വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് ആവശ്യപ്പെടുന്ന സംയുക്ത അന്വേഷണം വേണം. കോൺഗ്രസിനെതിരെ ആക്ഷേപങ്ങൾ യാഥാർത്ഥ്യബോധമില്ലാതെയാണ് ഉന്നയിക്കുന്നത്. ജനങ്ങളുടെ സംശയം മാറ്റാവുന്ന സമഗ്ര അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് സമിതി യോഗശേഷമാണ് മൂവരും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |