തോട്ടിൽ വീണ് മരിച്ച വയോധികയ്ക്കും കൊവിഡ്
കൊല്ലം: കൊല്ലത്ത് കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ഇതിന് പുറമേ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയ്ക്കും പോസ്റ്റ്മോർട്ടത്തിന് മുൻപുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വാളത്തുംഗൽ സരിഗയിൽ ത്യാഗരാജനാണ് (74) ചികിത്സയിലിരിക്കേ മരിച്ചത്. പള്ളിമൺ പുലിയില കലയം വിമൽ നിവാസിൽ ഗൗരിക്കുട്ടിക്കാണ്(75) പോസ്റ്റ്മോർട്ടത്തിന് മുൻപുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ത്യാഗരാജന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഹൃദയാഘാതമുണ്ടായി 1.35 ഓടെ മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഈ മാസം ആറ് മുതൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 9നാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രമേഹത്തിന് പുറമേ വൃക്ക,കരൾ, ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ മുതൽ ശ്വാസതടസം നേരിട്ടതിനാൽ ആദ്യം മുതൽ തീവ്ര പരിചരണ യൂണിറ്റിലായിരുന്നു.
ത്യാഗരാജൻ കഴിഞ്ഞമാസം 23 മുതൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ തന്നെ ചികിത്സയിലായിരുന്ന കായംകുളം സ്വദേശിക്ക് കൊവിഡ് ബാധിച്ചതോടെ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി. കായംകുളം സ്വദേശിയിൽ നിന്നാണ് ത്യാഗരാജന് രോഗം പടർന്നതെന്ന് കരുതുന്നു. അദ്ദേഹം നാല് ദിവസം മുൻപ് മരിച്ചിരുന്നു. ഹരിപ്രിയയാണ് ത്യാഗരാജന്റെ ഭാര്യ. ഷൈജുരാജ്, ഷീജരാജ്, ഷീബരാജ് എന്നിവർ മക്കളാണ്.
ഗൗരിക്കുട്ടിയെ വെള്ളിയാഴ്ച് രാവിലെ 11 മണിയോടെയാണ് വീടിന് സമീപമുള്ള ചിറ്റുമല ക്ഷേത്രത്തിന് താഴെയുള്ള തൊട്ടിക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമല്ല. പുറത്തെങ്ങും പോകാറില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കാൽവഴുതി വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷാജി, സജീവ്, രാജീവ്, വിമല എന്നിവർ മക്കളാണ്. ഇരുവരുടെയും സംസ്കാരം കൊവിഡ് മാനദണ്ഡ പ്രകാരം ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |