കാസർകോട്: മഞ്ചേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനു സമീപത്തെ ഷെഡിൽ പൊലീസ് നടത്തിയ റെയ്ഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 കിലോ കഞ്ചാവ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കല്ല് ഗുവാതപ്പടുപ്പിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനു സമീപത്തെ ഷെഡിൽ പരിശോധന നടത്തിയത്.
കഞ്ചാവ് വിൽപ്പനയ്ക്കെത്തിച്ച സംഘത്തെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നരമാസത്തിനിടെ 90 കിലോയോളം കഞ്ചാവാണ് പൊലീസും എക്‌സൈസും പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കർണ്ണാടകയിലെ ഊടുവഴിയിലൂടെ വാഹനങ്ങളിൽ എത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിക്കുകയും രാത്രിയാകുമ്പോൾ വിൽപ്പനക്കാർക്ക് കൈമാറുകയുമാണ് ചെയ്യുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ ഭാഗത്ത് കഞ്ചാവുകടത്തിനും വിൽപ്പനയ്ക്കുമായി വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |