കൊച്ചി: സ്വപ്‌ന സുരേഷ് തൃശൂർ അമ്പിളിക്കലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞത് കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ ഫ്ളാറ്റിൽ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലാണ് സ്വപ്‌ന കഴിഞ്ഞത്. ഇരുവർക്കും ഒപ്പം ഉറങ്ങാതെ കാവലിരുന്ന് വനിതാ പൊലീസുകാരും.
പിടിയിലാകും മുമ്പ് സ്വപ്‌ന ആത്മഹത്യാഭീഷണി മുഴക്കിയതിനാൽ കർശന സുരക്ഷയാണ് ഒരുക്കിയത്. രാത്രി ഒമ്പത് മണിയോടെ തന്നെ ഭക്ഷണം കഴിച്ച ശേഷം സ്വപ്ന ഉറങ്ങാൻ കിടന്നു. പൊലീസുകാരോടോ സഹ തടവുകാരിയോടോ സ്വപ്ന സംസാരിച്ചില്ല.
കൊവിഡ് കാലത്ത് അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം പാർപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് അമ്പിളിക്കലയിലേത്. പരിശോധനാഫലം നെഗറ്റീവെന്ന് തെളിഞ്ഞാൽ മാത്രമേ അന്വേഷണ ഏജൻസികൾക്കാേ ജയിലിലേക്കോ കൈമാറുകയുള്ളൂ.
ഞായറാഴ്ച രാത്രി കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതോടെ കൊച്ചിയിലേക്ക് പോകേണ്ടിവരുമെന്ന് രാവിലെ തന്നെ പൊലീസുകാർ
സ്വപ്‌നയെ അറിയിച്ചു. ജയിലിലെ സൗകര്യങ്ങൾ മാത്രമേ ഈ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലുമുള്ളൂ. ഇന്നലെ രാവിലെയും അത്യാവശ്യ കാര്യങ്ങൾ മാത്രമേ സ്വപ്‌ന പൊലീസുകാരോട് സംസാരിച്ചുള്ളൂ. ഇടയ്ക്ക് മക്കളെ കാണാതിരിക്കാനാവില്ലെന്ന് പറഞ്ഞു. സന്ദീപിനെ എറണാകുളം കറുകുറ്റിയിലുള്ള കൊവിഡ് കേന്ദ്രത്തിലാണ് പാർപ്പിച്ചത്. ഇരുവരെയും പ്രത്യേക വാഹനങ്ങളിലാണ് കോടതിയിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |