ഇരുപത്തിരണ്ട് വർഷത്തെ ഇടവേള അവസാനിപ്പിച്ചുള്ള രണ്ടാം വരവിന് പിന്നിൽ നടി കീർത്തിഗോപിനാഥിന് പറയാൻ ഒരൊറ്റ കാരണമേയുള്ളൂ, അഭിനയം എന്ന ഇഷ്ടം ഒരിറ്റുപോലും മായാതെ ഇന്നും കൂടെയുണ്ട് എന്നതു തന്നെ. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരിക്കെയാണ് ബ്രേക്ക് എടുത്തത്. ഇനി ഒരു തിരിച്ചു വരവില്ലെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാലിപ്പോൾ കൃത്യമായ സമയത്ത് തന്നെ തിരിച്ചുവരാൻ കഴിഞ്ഞതിന്റെ സന്തോഷത്തത്തിലാണ് കീർത്തി. ഇത്തവണ തുടക്കം മിനിസ്ക്രീനിലാണെന്ന പ്രത്യേകതയുമുണ്ട്. ഈ തിരിച്ചുവരവ് നീണ്ടതെന്താണ് എന്ന ചോദ്യമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേട്ടുകൊണ്ടിരിക്കുന്നത്. അതിനുള്ള കീർത്തിയുടെ ഉത്തരം ഇതാണ്, ''ഈ വരവ് ഒരിക്കലും സ്വപ്നം കണ്ടിരുന്നതായിരുന്നില്ല. എനിക്ക് പോലും അത്ഭുതമാണിത്. തിരിച്ചുവരവിൽ സന്തോഷത്തേക്കാൾ ഏറെ ഉത്കണ്ഠയായിരുന്നു. ശരിയാകുമോ എന്ന ഭയം. പക്ഷേ എല്ലാം നന്നായി തന്നെ സംഭവിക്കുന്നു. ഏഷ്യാനെറ്റിലെ 'അമ്മ അറിയാതെ" സീരിയൽ ആളുകൾക്കിഷ്ടപ്പെടുമ്പോൾ അതും സന്തോഷം."
കാരണങ്ങൾ സ്വയം കണ്ടെത്തി
മലയാള സിനിമയെ ഒരിക്കലും മറന്നിരുന്നില്ല. മാറി നിന്നുകൊണ്ട് എല്ലാം കാണുന്നുണ്ടായിരുന്നു, ഓരോരുത്തരും തിരിച്ചെത്തിയപ്പോൾ ഏറെ സന്തോഷിച്ചു. അപ്പോഴും എന്റെ വരവിനെ കുറിച്ച് ഞാൻ ഓർത്തിരുന്നില്ല എന്നതാണ് സത്യം. അവസരങ്ങൾ പലപ്പോഴായി വന്നു, അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. ഓരോ തവണയും ഓരോ കാര്യങ്ങൾ പറഞ്ഞു, മക്കളുടെ പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര... അങ്ങനെ മനപ്പൂർവമായി കണ്ടെത്തിയ ഓരോ കാരണങ്ങളുണ്ടായിരുന്നു. പിന്നെ എല്ലാം ഈശ്വരനിശ്ചയമായിട്ടാണ് കാണുന്നത്. പതിനെട്ടാമത്തെ വയസിൽ സിനിമയിലെത്തുകയും ആറുവർഷത്തോളം സിനിമയിലും സീരിയലിലും ഒരുപോലെ നിൽക്കാൻ പറ്റിയതും പിന്നീടുള്ള ബ്രേക്കും ഈ മടങ്ങിവരവുമെല്ലാം അങ്ങനെ സംഭവിച്ചവയാണ്. നിയോഗമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
മായാതെ, മറയാതെ സിനിമ
സിനിമ സീരിയലിലൂടെയാണ് മടങ്ങിവരവെങ്കിലും സിനിമയെ ഇന്നും ഹൃദയത്തിൽ തന്നെയാണ് സൂക്ഷിക്കുന്നത്. നല്ലൊരു വേഷം കിട്ടിയാൽ തീർച്ചയായും ചെയ്യും. അമിത പ്രതീക്ഷകളൊന്നുമില്ലാതെയാണ് അന്നും ഇന്നും ഞാൻ കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. ' പാവം ഐ.എ ഐവാച്ചൻ" എന്ന സിനിമയിലൂടെയാണ് തുടക്കം. അതും ഇതുപോലെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു. അഭിനയം മനസിൽ പോലും ഇല്ലാതിരുന്ന കാലം. അവസരം കിട്ടിയപ്പോൾ ചെയ്തു നോക്കാമെന്നായി. ഇന്നും പ്രേക്ഷകർ തിരിച്ചറിയുന്നത് 'ജൂനിയർ മാൻഡ്രേക്ക്" എന്ന സിനിമയിലൂടെയാണ്. സിനിമയേക്കാൾ കൂടുതൽ കുടുംബപ്രേക്ഷകർക്ക് പരിചയം പക്ഷേ, സീരിയലുകളാണ്. എനിക്ക് സീരിയൽ, സിനിമ വേർതിരിവില്ലായിരുന്നു. ചെയ്യുന്ന ജോലി ഭംഗിയാക്കുക, അതിലായിരുന്നു ശ്രദ്ധ. സിനിമയിൽ കൂടുതലും അനിയത്തി വേഷങ്ങളാണ്. വളരെ മോഡേൺ കഥാപാത്രങ്ങളാണെല്ലാം. ഡ്രസിലും ഹെയർ സ്റ്റൈലിലുമൊക്കെ വ്യത്യസ്തത ഉണ്ടാക്കാൻ സാധിച്ചു. അക്കാലത്ത് ഒരുപാട് പേർ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
സന്തോഷത്തേക്കാളെറെ പേടി
വർഷങ്ങൾ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അഭിനയവും സാങ്കേതികവിദ്യകളുമൊക്കെ അപ്പാടെ മാറി. ഇന്നിപ്പോൾ അഭിനയിക്കുകയാണോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് കാമറയ്ക്ക് മ ുന്നിൽ പെരുമാറുന്നത്. പുതിയ കുട്ടികളെല്ലാം വളരെ ടാലന്റാണ്. ഞങ്ങളുടെയൊക്കെ കാലത്ത് ആക്ഷൻ പറയുമ്പോൾ തന്നെ നെഞ്ച് പടപടാന്ന് മിടിക്കുമായിരുന്നു. ഇന്നിപ്പോൾ എല്ലാവരും വളരെ കൂളായിട്ടാണ് കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. മടങ്ങിവരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ പ്രേക്ഷകർക്ക് പഴയ കീർത്തിയാണോ ഇതെന്ന സംശയമുണ്ടായിരുന്നു. രൂപത്തിലൊക്കെ നല്ലമാറ്റം വന്നു, പിന്നെ സീരിയലിന്റെ ഗെറ്റപ്പും വ്യത്യസ്തമാണ്. സിനിമയെ അന്ന് വേണ്ട രീതിയിൽ സീരിയസായി കണ്ടിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു. വിവാഹം കഴിഞ്ഞതോടെ കുടുംബം എന്ന ചിന്തയായിരുന്നു പിന്നീട്. മക്കൾ സ്വന്തം കാര്യങ്ങൾ നോക്കുമെന്ന രീതിയിലായപ്പോഴാണ് തിരിച്ചുവരവിനെക്കുറിച്ച് ചിന്തിച്ചത്. ഇപ്പോഴെനിക്ക് ധാരാളം സമയമുണ്ട്. അതുകൊണ്ട് തിരിച്ചുവരവ് എളുപ്പമായി. സിനിമയിലുള്ള സമയത്തും വലിയ സൗഹൃദങ്ങളുണ്ടായിരുന്ന ആളല്ല ഞാൻ. വരുന്നു, ജോലി ചെയ്തു പോകുന്നു, ഇതായിരുന്നു രീതി. മഞ്ജുപിള്ളയും അഞ്ജു അരവിന്ദുമാണ് സിനിമയിലെ കൂട്ടുകാർ.
അന്നും ഇന്നും ഹാപ്പിയാണ്
പഴയ സിനിമകൾ ഇപ്പോഴും കാണാൻ ഇഷ്ടമുള്ളൊരാളാണ്, എന്റെ സിനിമകളൊക്കെ ടി. വിയിൽ വരുമ്പോൾ കാണും. ചിലപ്പോൾ യൂട്യൂബിൽ കയറിയും നോക്കാറുണ്ട്.കുറച്ചു കൂടെ നന്നാക്കാമായിരുന്നുവെന്ന് തോന്നാറുണ്ട്.. എന്നാലും എന്റെ ചെറിയ കാലത്തെ അഭിനയ ജീവിതത്തിൽ ഞാൻ സംതൃപ്തയായിരുന്നു. മാറിനിന്ന കാലത്തും ആ സ്നേഹം എനിക്ക് പ്രേക്ഷകരിൽ നിന്നും തിരിച്ചറിയാൻ പറ്റിയിട്ടുണ്ട്. അഭിനേത്രിയായതുകൊണ്ട് മാത്രം കിട്ടുന്ന അംഗീകാരങ്ങളാണ് അതൊക്കെ. തിരുവനന്തപുരത്ത് പേയാടാണ് താമസം. ഭർത്താവ് രാഹുൽ മോഹൻ, നടനാണ്. ഞങ്ങൾ ഒരുമിച്ച് 'നീലവസന്തം" എന്നൊരു സീരിയൽ ചെയ്തിരുന്നു. അങ്ങനെയാണ് സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നത്. രണ്ട് മക്കളാണ്, ഭരതും ആര്യനും. മൂത്തയാൾ ബാംഗ്ലൂരിൽ ഫോറൻസിക് സയൻസ് പഠിക്കുന്നു, രണ്ടാമത്തെയാൾ ആറാം ക്ലാസിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |