ബീജിംഗ്: ഓക്സ്ഫോഡ് സർവകലാശാലയുടെ കൊവിഡ് പ്രതിരോധ വാക്സിൻ അനുകൂല ഫലം തന്നു തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ചൈനയിൽ നിന്നും ആഹ്ലാദകരമായ വാർത്ത. ചൈന വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്സിൻ അതിന്റെ പരീക്ഷണ ഘട്ടങ്ങളുടെ അവസാനത്തിൽ മികച്ച ഫലം നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബ്രസീലിലാണ് ചൈനയുടെ വാക്സിൻ പരീക്ഷണം നടക്കുന്നത്. ചൊവ്വാഴ്ച വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നുവെന്നും ആദ്യ രണ്ട് ഘട്ടങ്ങൾ വിജയമായിരുന്നുവെന്നുമാണ് വിവരം. മൂന്നാമത്തെ ഘട്ടത്തിൽ വലിയ തോതിൽ ജനങ്ങൾക്കിടയിൽ മരുന്ന് പരീക്ഷിക്കുകയാണ് ചെയ്യുക. ആദ്യ രണ്ട് ഘട്ടങ്ങളിൽ സന്നദ്ധപ്രവർത്തകർക്കിടയിൽ നിയന്ത്രിതമായ അളവിൽ ഡോസ് ചെയ്യുകയാണ് ചെയ്തിരുന്നത്. ഇനി നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ വാക്സിൻ പ്രയോഗിക്കും. ഈ പരീക്ഷണം കൂടി വിജയിച്ചാൽ ബ്രസീൽ അധികൃതർ മരുന്നിന് അംഗീകാരം നൽകുന്ന നടപടികളിലേക്ക് നീങ്ങും.
ബ്രസീലിലെ ആറ് സംസ്ഥാനങ്ങളിലാണ് ആദ്യത്തെ രണ്ട് ഘട്ട പരീക്ഷണങ്ങൾ നടത്തിയത്. 9,000 ആരോഗ്യപ്രവർത്തകരിലായിരുന്നു പരീക്ഷണം. ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ ഈ ഡോസുകൾ സ്വീകരിച്ചു. ചൈനയിലെ ഒരു സ്വകാര്യസ്ഥാപനമായ സിനോവാക് ബയോടെക് വികസിപ്പിച്ചെടുത്തതാണ് ഈ വാക്സിൻ. 90 ദിവസങ്ങൾക്കുള്ളിൽ അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി ഫലം പ്രതീക്ഷിക്കാവുന്നതാണെന്ന് സാവോ പോളോ ഗവർണർ ജോവാവോ ഡോറിയ പറഞ്ഞു.
കൊവിഡ് വേൾഡ് മീറ്റർ
ആകെരോഗികൾ:1,51,22,614
മരണം: 6,20,302
രോഗമുക്തർ: 91,38,384
(രാജ്യം - രോഗികൾ - മരണം)
അമേരിക്ക: 40,28,733 - 1,44,958
ബ്രസീൽ: 21,66,532 - 81,597
ഇന്ത്യ: 11,95,674 - 28,781
റഷ്യ: 7,89,190 - 12,745
ദക്ഷിണാഫ്രിക്ക: 3,81,798 - 5,368
കൊവിഡ് വാക്സിൻ പരീക്ഷണവിവരങ്ങൾ ചൈന മോഷ്ടിക്കുന്നു: അമേരിക്ക
വാഷിംഗ്ടൺ: കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങളുടെ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്താൻ ശ്രമിക്കുന്നതായി അമേരിക്ക. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റാണ് ആരോപണവുമായി രംഗത്തെത്തിയത്. ലോകത്താകമാനമുള്ള കമ്പനികളുടെ കോടിക്കണക്കിന് ഡോളർ വിലവരുന്ന വ്യാപാര രഹസ്യങ്ങൾ രണ്ട് ചൈനീസ് ഹാക്കർമാർ ചോർത്തിയതായും അമേരിക്ക ആരോപിച്ചു.
വാക്‌സിൻ പരീക്ഷണങ്ങളിലേർപ്പെട്ട കമ്പനികളുടെ വിവരങ്ങളും വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങളും ചോർത്താനുള്ള ശ്രമമാണ് ചൈനീസ് ഹാക്കർമാർ നടത്തുന്നതെന്നും ഇവർക്ക് ചൈനീസ് സർക്കാരിന്റെ പിന്തുണയുണ്ടെന്നും അമേരിക്ക ആരോപിച്ചു. ചൈനീസ് ഹാക്കർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ ആരോപണത്തിനെതിരെ ചൈന രംഗത്തെത്തി. ചൈനയോടുള്ള വിദ്വേഷമാണ് ഇത്തരമൊരു ആരോപണത്തിന് കാരണമെന്നും ലോകത്തെ സാങ്കേതിക ശക്തിയെന്ന പദവിക്ക് ഇളക്കം തട്ടുമ്പോഴുള്ള അസ്വസ്ഥതയാണെന്നും ചൈന മറുപടി നൽകി. അമേരിക്കയുടെ ദുരാരോപണങ്ങളെ നേരിടുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |