കോഴഞ്ചേരി: കൊവിഡ് പശ്ചാത്തലത്തിൽ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ ഉപേക്ഷിച്ചതോടെ ഭഗവത് പ്രസാദമുണ്ണാൻ ഇക്കുറി ഭക്തർക്ക് ഭാഗ്യമില്ല. 52 കരകളിൽ നിന്നെത്തുന്ന പള്ളിയോടങ്ങളുടെ കാഴ്ചവിരുന്നുമില്ല. വഞ്ചിപ്പാട്ടിൻ്റെ താളവും നിലച്ചു.
വള്ളസദ്യയിൽ പങ്കെടുക്കാൻ എത്തുന്ന പള്ളിയോടങ്ങളുടെ പമ്പയിലൂടെയുള്ള വരവ് തീരത്തുള്ളവർക്ക് രണ്ട് മാസക്കാലം നയനവിരുന്നായിരുന്നു. ഒരുദിവസം പതിനഞ്ച് പള്ളിയോടങ്ങൾ വരെ വള്ളസദ്യയിൽ പങ്കെടുക്കാൻ എത്തുമായിരുന്നു. അമരത്ത് വർണ്ണച്ചാർത്തണിഞ്ഞ്, മുത്തുക്കുട ചൂടി, നതോന്നതയുടെ താളത്തിൽ തുഴയെറിഞ്ഞ് പമ്പയിലൂടെ ആറൻമുളയിലേക്കെത്തുന്ന പള്ളിയോടങ്ങൾ തീരത്തിന് ഭക്തിയും ഭംഗിയുമായിരുന്നു.
പള്ളിയോടത്തിൽ തുഴച്ചിൽക്കാരെ സ്വീകരിച്ച്, തിരുമുറ്റത്ത് അൻപതിലേറെ വിഭവങ്ങളുള്ള സദ്യ നൽകി, വഴിപാടുകാരൻ ദക്ഷിണയും നൽകി യാത്രയാകുന്ന ചടങ്ങാണ് വള്ളസദ്യ.
ദേശദേവനായ ആറന്മുള പാർത്ഥസാരഥി അന്നദാനപ്രഭുവെന്നാണ് വിശ്വാസം. അതിനാൽ ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാടുകൾ അന്നദാനവുമായി ബന്ധപ്പെട്ടതാണ്. വള്ളസദ്യ, ഭജനസദ്യ, തേച്ചുകുളിസദ്യ എന്നിവയാണ് പ്രധാനം. ഭഗവാന് ഏറെ പ്രിയമാണ് വള്ളസദ്യ. സന്താനലബ്ധി, അഭീഷ്ടകാര്യസിദ്ധി, സർപ്പദോഷപരിഹാരം എന്നിവയ്ക്കാണ് വള്ളസദ്യകൾ. പാർത്ഥസാരഥി ഭക്തർക്കൊപ്പം അന്നം കഴിക്കും എന്ന് വിശ്വാസം. അതിനാലാണ് വഴിപാടുകാർ ക്ഷണിച്ചിട്ട് വരുന്ന കരനാഥൻമാർ സദ്യയിൽ വിഭവങ്ങൾ പാടി ചോദിക്കുന്നത്. നറുനെയ്യ് നമുക്ക് വേണ്ട വെണ്ണ തന്നെ തന്നീടേണം... തുടങ്ങി വിളിച്ച് ചോദിച്ച് വിഭവങ്ങൾ വരുത്തുന്നത് ഭഗവൽപ്രതീകമായാണ്.
പ്രളയം നാടിനെ ദുരിതത്തിലാക്കിയ 2018ൽ ആഗസ്റ്റ് 14 വരെ 92 വള്ളസദ്യകൾ നടന്നു. ആ വർഷം 468 വള്ളസദ്യ വഴിപാടുകൾ ഭക്തർ നേർന്നിരുന്നങ്കിലും പ്രളയം കാരണം ഇരുനൂറിലധികം വഴിപാടുകൾ കഴിഞ്ഞ വർഷത്തേക്കും ഈ വർഷത്തേക്കുമായി മാറ്റിവച്ചിരുന്നു.
----------------
പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ ഉപേക്ഷിക്കുന്നത് രണ്ടാംതവണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |