കൊല്ലം: ലോക മുത്തച്ഛൻ കൊല്ലം പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് നാരായണ സദനത്തിൽ കേശവൻ നായർ (119) അന്തരിച്ചു. ലോകത്ത് ഏറ്റവും പ്രായമുള്ള മനുഷ്യനെന്ന ഖ്യാതി അടുത്തിടെയാണ് കേശവൻ നായർക്ക് ലഭിച്ചത്. ജനുവരി 20ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് കേശവൻ നായരുടെ വിശേഷങ്ങൾ നാടറിഞ്ഞത്. തുടർന്നാണ് ഗിന്നസ് അധികൃതർ വിവരങ്ങൾ ശേഖരിച്ചത്. ഒരാഴ്ചയായി അവശനായി വീട്ടിൽ കിടപ്പിലായിരുന്ന കേശവൻ നായർ ഇന്നലെ ഉച്ചയ്ക്ക് 12.05നാണ് അന്തരിച്ചത്. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ നടന്നു.
മാഞ്ഞ പാൽപ്പുഞ്ചിരി
കൊഴിഞ്ഞ പല്ലുകൾക്ക് പകരം കേശവൻ നായർക്ക് അഞ്ചുവർഷം മുമ്പ് പുതിയവ മുളച്ചത് കൗതുകമുണർത്തിയിരുന്നു. ആഹാരം കഴിക്കാൻ ചില്ലറ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും വയ്പ് പല്ലിനോട് കമ്പമുണ്ടായില്ല. മോണകാട്ടി ചിരിക്കുമ്പോൾ കൊച്ചുമക്കളാണ് മുത്തച്ഛന്റെ പാൽപ്പല്ലുകൾ കണ്ടത്!. വാക്കുകളിൽ തെല്ല് വിറയലും കാഴ്ചയ്‌ക്ക് മങ്ങലുമുണ്ടെങ്കിലും ഓർമ്മയിലെ വിശേഷങ്ങൾ മാഞ്ഞുപോയിരുന്നില്ല.
ഗാന്ധിജിയെ രണ്ടു തവണയും നെഹ്‌റുവിനെ ഒരിക്കലും അടുത്ത് കണ്ടതും, മന്നത്തിനൊപ്പം പ്രവർത്തിച്ചതുമെല്ലാം കേശവൻനായരുടെ മനസിലെ മങ്ങാത്ത കാഴ്ചാ വസന്തമായിരുന്നു. മാന്നാറിലെ ഗോപിനാഥൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. ജനിച്ച് തൊണ്ണൂറാം നാളിൽ അമ്മ മരിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിയും ദയാനന്ദ സരസ്വതിയും ഗുരുനാഥൻമാരാണ്. തുടർന്ന് നാട്ടിൽ അറിയപ്പെടുന്ന ആയുർവേദ ചികിത്സകനായി.
മന്നത്തിനൊപ്പം പ്രവർത്തിച്ചപ്പോൾ വിദ്യാലയത്തിൽ ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ച് നാട്ടിൽ കുടിപ്പള്ളിക്കൂടം തുടങ്ങി. കൊടുമണിൽ നിന്ന് പാറുക്കുട്ടിഅമ്മയെ വിവാഹം ചെയ്ത ശേഷമാണ് പട്ടാഴിയിലേക്ക് താമസം മാറ്റിയത്. പാറുക്കുട്ടിഅമ്മയും മൂത്തമകൻ വാസുദേവൻ നായരും വിട പറഞ്ഞപ്പോൾ മൂന്നാമത്തെ മകളായ ശാന്തമ്മയുടെ ഒപ്പമായിരുന്നു താമസം. മറ്റ് മക്കളായ രാമചന്ദ്രൻ പിള്ളയും ശാരദയും ഗോപാലകൃഷ്ണൻ നായരും സദാ അച്ഛന്റെ ക്ഷേമാന്വേഷണത്തിനുണ്ടായിരുന്നു. പക്ഷേ ലോക മുത്തച്ഛനായി ഔദ്യോഗികമായി അംഗീകരിക്കാനുള്ള നാളുകൾ അടുത്തപ്പോഴേക്കും കേശവൻ നായർ വിടപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |