തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ആയിരം കവിഞ്ഞതിൽ അമ്പരക്കുന്ന മലയാളിക്ക് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് കേരളം മഹാരാഷ്ട്രയ്ക്ക് സമാനമായ അവസ്ഥയിലെത്തുമെന്നാണ്. മൂന്നാഴ്ച കഴിയുമ്പോൾ നിലവിൽ ഒരുക്കിയിട്ടുള്ള ആശുപത്രികൾ നിറയുന്ന നിലയാകും. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ചില ആഴ്ചകൾ അതിപ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞത്. ദുരന്തനിവാരണ അതോറിട്ടിയും ആരോഗ്യവിദഗ്ദ്ധരും സർക്കാരിന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മേയ് ആദ്യവാരം മഹാരാഷ്ട്ര എങ്ങനെയായിരുന്നോ, അതേ അവസ്ഥയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നത്.
മഹാരാഷ്ട്രയിൽ മേയ് മൂന്നിന് 678 പേർക്ക് രോഗം സ്ഥിരീകരിച്ചു. പിറ്റേന്ന് 1567 ആയി. ജൂലായ് 23 ആയപ്പോഴേക്കും 9,895 കേസുകളാണ്
റിപ്പോർട്ട് ചെയ്തത്. 298 മരണവും.
മൂന്നാഴ്ച കഴിഞ്ഞാൽ കേരളത്തിൽ പ്രതിദിന കേസുകൾ 5000 കവിയും. നിലവിൽ സജ്ജമാക്കിയ ആശുപത്രികളോ മറ്റ് ചികിത്സാ സംവിധാനങ്ങളോ തികയാതെ വരും. അത്തരം സാഹചര്യം ഒഴിവാക്കാൻ മൂന്നാഴ്ചമാത്രമാണ് സർക്കാരിന് മുന്നിലുള്ളത്. മരണനിരക്ക് കുറയ്ക്കാൻ
കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കിയേതീരൂ.
നിലവിൽ ആശുപത്രികളുടെ എണ്ണം സർക്കാർ മേഖലയിൽ 1280 ആണ്.സ്വകാര്യമേഖലയിൽ 2650ഉം. കിടക്കകളുടെ എണ്ണം സർക്കാരിന് 38,004ഉം സ്വകാര്യമേഖലയിൽ 68,200മാണ്.
ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിലൂടെ സർക്കാരിന് താത്കാലിക ആശ്വാസം മാത്രമാണ് ലഭിക്കുക. ആ കാലയളവിൽ രോഗബാധിതരുടെ എണ്ണം കുറയും. പിന്നീട് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ അത് ഉയരും. ഇത് മുൻകൂട്ടി കണ്ടുള്ള നടപടികൾ വേണമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |