തിരുവനന്തപുരം: നിയമസഭാസമ്മേളനം ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ ചൊവ്വാഴ്ച ചേരാനിരുന്ന ഇടതുമുന്നണി യോഗവും മാറ്രിവച്ചു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ചേരാൻ തീരുമാനിച്ച യോഗമാണ് മാറ്റിയത്. കൊവിഡ് വ്യാപനം ആശങ്കാജനകമാകുന്ന പശ്ചാത്തലത്തിൽ പ്രായമായ മുതിർന്ന നേതാക്കളടക്കം ഒരുമിച്ചിരുന്ന് കൂടേണ്ട ഇടതുമുന്നണി യോഗം ചേരുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലിലാണ് യോഗം മാറ്റിയത്. വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരാമെങ്കിലും അതിലേക്ക് കടന്നില്ല.
സ്വർണക്കടത്ത് വിവാദം ഇടതുമുന്നണിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് മുന്നണി യോഗം ചൊവ്വാഴ്ച അടിയന്തരമായി ചേരാൻ ആലോചിച്ചത്.
കൊവിഡ് പ്രതിരോധത്തിലൂടെ സർക്കാരിനുണ്ടായ പ്രതിച്ഛായയ്ക്ക് സ്വർണക്കടത്ത് വിവാദം ഇടിവുണ്ടാക്കിയെന്ന സന്ദേഹം ഘടകകക്ഷികൾക്കുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുണ്ടായ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇക്കാര്യവും ചർച്ചയായിരുന്നു. ഇതേത്തുടർന്നാണ് മുന്നണിയോഗം നിശ്ചയിച്ചത്.
മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ കൊച്ചിയിലേക്ക് വരുത്തി ചോദ്യം ചെയ്യുന്നത് നാളെയാണ്. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയാൽ സർക്കാരിനെ ഒന്നുകൂടി അത് സമ്മർദ്ദത്തിലാക്കിയേക്കും. സ്‌പ്രിൻക്ലർ ഇടപാട് വിവാദമുണ്ടായപ്പോഴേ ശിവശങ്കറിനെ നീക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ പൊല്ലാപ്പ് ഒഴിവാക്കാമായിരുന്നെന്ന അഭിപ്രായം സി.പി.ഐക്കുണ്ട്. പുതിയ നീക്കങ്ങളെയും മുന്നണിനേതൃത്വം ഉറ്റുനോക്കുന്നുണ്ട്.
തദ്ദേശഭരണ തിരഞ്ഞെടുപ്പും അടുത്തെത്തിയിരിക്കെ, വിവാദങ്ങളെ മറികടന്ന് സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായ ഉയർത്താനാവശ്യമായ ഇടപെടലുണ്ടാവണം. ഇതെല്ലാം ചർച്ച ചെയ്യാനാണ് മുന്നണിയോഗം വിളിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |